കുറ്റ്യാടി ടൗണ്‍ നവീകരണം; ഓവുചാല്‍ നടപ്പാത നിര്‍മ്മാണം പൂര്‍ത്തിയായില്ല, ചൂണ്ടയിട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കുറ്റ്യാടി: കുറ്റ്യാടി ടൗണ്‍ നവീകരണത്തിന്റെ ഭാഗമായുള്ള ഓവുചാല്‍ നടപ്പാത നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചൂണ്ടയിടല്‍ സമരം. കുറ്റ്യാടി ടൗണില്‍ വയനാട് റോഡിലെ 400 മീറ്റര്‍ ഓവുചാല്‍ നടപ്പാതയുടെ നിര്‍മാണം തുടങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതീകാത്മക ചൂണ്ടയിടല്‍ സമരം.

ഓവുചാലിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഒരു ചെറു മഴയാണെങ്കില്‍ പോലും തൊട്ടില്‍ പാലം റോഡ് വെള്ളത്തിലാവുന്ന അവസ്ഥയാണ് നിലവില്‍.വ്യാപാരികളും കാല്‍നടയാത്രക്കാരുള്‍പ്പടെയുള്ളവരുംനേരിടുന്ന ദുരിതങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടത്തിയത്.

കെ.പി അബ്ദുള്‍ മജീദ്, പി.പി ആലിക്കുട്ടി, പി.പി ദിനേശന്‍ സി.കെ രാമചന്ദ്രന്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടും ചാല്‍, കാവില്‍ കുഞ്ഞബ്ദുള്ള, ചാരുമ്മല്‍ കുഞ്ഞബ്ദുള്ള, മംഗലശ്ശേരി ബാലകൃഷ്ണന്‍, കെ.ഷാജു, ലീബ സുനില്‍, എ.ടി.ഗീത, ഹാഷിം നമ്പാട്ടില്‍, തെരുവത്ത് കേളോത്ത് അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

summary: congress protests over the delay in the construction of drainage as part of kuttyady town renovation