വടകര ജില്ലാ ആശുപത്രിയിലെ സർജനെ റിലീവ് ചെയ്ത നടപടി; പ്രതിഷേധവുമായി കോൺ​ഗ്രസ്


വടകര: വടകര ജില്ലാ ആശുപത്രിയിൽ ആകെയുണ്ടായിരുന്ന സർജനെ റിലീവ് ചെയ്ത ആശുപത്രി സൂപ്രണ്ടിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചൊവ്വാഴ്ച രാവിലെ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. സൂപ്രണ്ടിനെതിരേ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് സമരം.

അടിയന്തര ശസ്ത്രക്രിയ ചെയ്യേണ്ട രോഗികൾ പോലും അവസാന നിമിഷം സ്വകാര്യ ആശുപത്രികളെ തേടി പോകേണ്ട അവസ്ഥയാണ്. ജില്ലാ ആശുപത്രിയായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ല. ഒരു സർജൻ പോലുമില്ലാത്ത അവസ്ഥയിൽ ആകെ ഉണ്ടായിരുന്നയാളെ ട്രാൻസ്ഫർവന്ന ഉടനെത്തന്നെ സൂപ്രണ്ട് റിലീവ് ചെയ്തത് ഗുരുതരമായ കൃത്യവിലോപമാണ്. പുതിയൊരു സർജനെ പോസ്റ്റ് ചെയ്യുന്നതുവരെ അദ്ദേഹത്തെ റിലീവ് ചെയ്യാതെ നിർത്താമായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.