ഒരാഴ്ചയായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല; വില്ല്യാപ്പള്ളി വില്ലേജ്‌ ഓഫീസിലേക്ക് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ച്


 

വില്യാപ്പള്ളി: വില്ല്യാപ്പള്ളി വില്ലേജ്‌ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് ദുരിതം വിതച്ച കേരള സർക്കാരിന്റെ ജനദ്രോഹ നയത്തിക്കെതിരെ വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സിപി ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.

ജൂൺ 22-നാണ് വില്ല്യാപ്പള്ളി വില്ലേജ്‌ ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. ആദ്യ ദിവസങ്ങളിൽ ഇൻവർട്ടർ സംവിധാനത്തിലൂടെ ഇന്റർനെറ്റ് പ്രവർത്തിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി യാതൊരു പ്രവർത്തനവും നടക്കുന്നില്ല. വെെദ്യുതി ഇല്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർ ബുദ്ധിമുട്ട് നേരിടുകയാണ്. വെള്ളമില്ലാത്തതിനാൽ ജീവനക്കാർക്ക് ശുചിമറിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളുടെയും വൈദ്യുത ചാർജ് കേന്ദ്രീകൃത സംവിധാനം വഴി ഒന്നിച്ചാണ് അടയ്ക്കുന്നത്. എന്നാൽ നിലവിൽ വില്യാപ്പള്ളിയിൽ മാത്രമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നേരത്തെ ഒരു തവണ വില്യാപ്പള്ളിയിൽ ഇത്തരത്തിൽ വെെദ്യുതി വിച്ഛേദിച്ചിരുന്നെങ്കിലും പ്രശ്നം ഒരുദിവസത്തിനുള്ളിൽ പരിഹരിച്ചിരുന്നു.

വിഷയം മേൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വില്യാപ്പള്ളി വില്ലേജ് ഓഫീസ് അധികൃതർ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

അതേസമയം ഇനിയും വൈദ്യുത ബന്ധം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡണ്ട് അറിയിച്ചു. അമീർ കെ കെ , ബാബു പാറേമ്മൽ , രജീഷ് പുതുക്കുടി , പ്രശാന്ത് എം ടി , അജ്മൽ മേമുണ്ട, ഷിജിൻ കെ എം , സുധീഷ് പി , സിദ്ധാർത്ഥ്. പി.കെ, കരീം പാലോത്ത് എന്നിവർ പ്രസംഗിച്ചു.