ചോറോട് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് കോൺഗ്രസ്


ചോറോട്: ചോറോട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൈനാട്ടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് അഡ്വ: പി.ടി.കെ.നജ്മൽ അധ്യക്ഷത വഹിച്ചു.

മഹത്തായ ലക്ഷ്യത്തോടെ രൂപം കൊടുത്ത പഞ്ചായത്തീരാജ് സംവിധാനത്തെ കേരളത്തിൽ സിപിഐഎം തകർത്തതിന്റെ മാകുടോദാഹരണമാണ് ചോറോട് പഞ്ചായത്തെന്നും,വാടക കെട്ടിടത്തിൽ അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന് നാളിതുവരെ സ്വന്തം കെട്ടിടം പോലും നിർമ്മിക്കാൻ കഴിയാത്തത് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നാഷണൽ ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട് മഴക്കാലത്ത് ചോറോട് പ്രദേശത്ത് നൂറോളം വീടുകളിൽ വെള്ളം കയറി ആളുകൾക്ക് ഒഴിഞ്ഞു പോകേണ്ട അവസ്ഥ ഉണ്ടായത്. ഡ്രൈനേജ് നിർമ്മാണ സമയത്ത് പഞ്ചായത്ത് വേണ്ട രീതിയിൽ ഇടപെടാതിരുന്നതിന്റെ ഫലമായിട്ടാണെന്നും,പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്ത് റോഡുകളിൽ അപകടം നിത്യ സംഭവമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സതീശൻ കുരിയാടി മുഖ്യപ്രഭാഷണം നടത്തി. കെ.പി.കരുണൻ, കെ.കെ.റിനീഷ്, രാജേഷ് ചോറോട്, കെ.കെ.മോഹൻദാസ് മാസ്റ്റർ, രാഗേഷ്.കെ.ജി, ഭാസ്കരൻ.എ, കാർത്തിക് ചോറോട് എന്നിവർ സംസാരിച്ചു.

Summary: Congress organized an evening dharna against the mismanagement of the Chorod Panchayat administration