‘നിയമ നിര്‍മ്മാണ സഭ കലാപഭൂമിയാക്കുന്നത് ഇടതുപക്ഷ എം.എല്‍.എ.മാരുടെ കുലത്തൊഴിലായി മാറി’; അരിക്കുളത്ത് കോണ്‍ഗ്രസ് മണ്ഡലം നേതൃയോഗം


 


അരിക്കുളം: നിയമ നിര്‍മ്മാണ സഭ കലാപഭൂമിയാക്കുന്നത് ഇടതുപക്ഷ എം.എല്‍.എ.മാരുടെ കുലത്തൊഴിലായി മാറിയെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ അംഗങ്ങളെ നിയമസഭയില്‍ കൈയ്യേറ്റം ചെയ്ത സംഭവം തികച്ചും അപലനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. അരിക്കുളത്ത് കോണ്‍ഗ്രസ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി.

കെ.എം. മാണിയ്‌ക്കെതിരെ ഉപരോധം തീര്‍ത്ത് സ്പീക്കറുടെ ഇരിപ്പിടം പോലും തച്ച് തകര്‍ത്തവരാണ് പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഇപ്പോള്‍ രംഗത്ത് വരുന്നത് എന്നുള്ളത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യത വഹിച്ചു. കെ.പി. രാമചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് ഭാരവാഹികളായ പി. കുട്ടികൃഷ്ണന്‍ നായര്‍, ഒ.കെ. ചന്ദ്രന്‍, കെ. അഷറഫ്, സി. രാമദാസ്, രാമചന്ദ്രന്‍ നീലാംബരി, കെ.കെ. സുധര്‍മ്മന്‍, ആദര്‍ശ് അരിക്കുളം, ടി.ടി. ശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. 138 രൂപ ചലഞ്ച്, ഹാത്ത് സേ ഹാത്ത് ജോഡോ ഗൃഹ സമ്പര്‍ക്ക പരിപാടി എന്നിവ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ തുടക്കം കുറിച്ചു.