പേരാമ്പ്രയില്‍ പാര്‍ട്ടി കൊടിമരത്തില്‍ പതാക ഉയര്‍ത്തി; കോണ്‍ഗ്രസ് ദേശീയ പതാകയെ അപമാനിച്ചുവെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കി
പേരാമ്പ്ര: കോണ്‍ഗ്രസ് ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയെന്ന ആരോപണവുമായാണ് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി രംഗത്തെത്തിയത്.
പേരാമ്പ്ര പഴയ പെട്രോള്‍ പമ്പ് – എ.യു.പി സ്‌കൂള്‍ റോഡിലെ പുതിയ ബൈപ്പാസ് റോഡ് ജംഗ്ഷനില്‍ കോണ്‍ഗ്രസ് കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയെന്നും, ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ കോണ്‍ഗ്രസ് ദേശീയ പതാകയെ അപമാനിക്കുകയാണെന്നുമാണ് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റിയുടെ പരാതി.
കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജീന്ദ്രന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ പതാകയെ അപമാനിച്ചതെന്നും, ഇതിനെതിരായി കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.