‘മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസം’; വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിജയോത്സവം പരിപാടിയില്‍ ഡോ.രാജുനാരായണസ്വാമി


വടകര: മാതൃഭാഷക്ക് പ്രാധാന്യം നൽകുമ്പോഴാണ് നാടിൻ്റെ വർത്തമാനകാല യാഥാർത്ഥ്യങ്ങളുമായി വിദ്യാഭ്യാസത്തിന് വൈകാരിക ബന്ധമുണ്ടാവുകയെന്ന്‌ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജുനാരായണസ്വാമി ഐഎഎസ്. വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഉന്നത വിജയികള്‍ക്കുള്ള ‘വിജയോത്സവം’ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമികനേട്ടങ്ങൾക്കൊപ്പം നോവുന്ന മനസ്സുകളെ സ്നേഹിക്കാനുതകുന്ന മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസം. വയനാട് നടന്ന പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള അനുഭവങ്ങൾ അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എംകെ പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ കെ.നളിനാക്ഷൻ, വിദ്യാകരണം ജില്ലാ കോഡിനേറ്റർ വി.വി വിനോദ്, ഹെഡ്മാസ്റ്റർ പി രാജൻ, പിടിഎ വൈസ് പ്രസിഡണ്ട് എം.എം രാമചന്ദ്രൻ, സി.വി ശ്രീജ, പ്രസന്ന എന്നിവർ ആശംസകൾ നേർന്നു.

പിടിഎ പ്രസിഡണ്ട് പി.എം ജയപ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീവൻ മഠത്തിൽ നന്ദിയും പറഞ്ഞു. യു.എസ്.എസ്, എൻ.എം.എം.എസ്, എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെമെൻ്റോകൾ ചടങ്ങിൽ വിതരണം ചെയ്തു.