പയ്യോളി തിക്കോടിയിൽ സംഘർഷം; പഞ്ചായത്ത് പ്രസിഡൻറടക്കം അറസ്റ്റിൽ


പയ്യോളി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാതെ പ്രദേശത്തെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പ്രവൃത്തി തടയാന്‍ ശ്രമിച്ച പ്രദേശവാസികളെ പൊലീസ് നേരിട്ടതോടെയാണ് പ്രദേശത്ത് സംഘര്‍ഷമുടലെടുത്തത്. പൊലീസ് മര്‍ദ്ദനത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സമരസമിതി പ്രവര്‍ത്തകര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സ്റ്റാന്റിങ് കമ്മിറ്റിയംഗം ആര്‍.വിശ്വന്‍, വാര്‍ഡ് മെമ്പര്‍മാരായ ഷക്കീല, സന്തോഷ് തിക്കോടി, സി.പി.എം തിക്കോടി ലോക്കല്‍ സെക്രട്ടറി കളത്തില്‍ ബിജു, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ്, ആക്ഷന്‍ കമ്മിറ്റിയംഗം നാരായണന്‍, റഫീഖ്, ശശി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദന്‍, മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്.

സമരസമിതി നേതാക്കളെ അറസ്റ്റു ചെയ്‌തെങ്കിലും സ്ത്രീകളും പ്രായമായവരുമടക്കം നിരവധി പേര്‍ സമരപ്പന്തലില്‍ തുടരുകയാണ്. അതേസമയം ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി പ്രദേശത്ത് പൊലീസ് സുരക്ഷയില്‍ ആരംഭിച്ചിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം തുടരുകയാണ്.

പ്രദേശവാസികളെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമാണെന്നും പ്രദേശത്ത് അടിപ്പാതയെന്ന ആവശ്യം അംഗീകരിച്ചാലല്ലാതെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങാന്‍ അനുവദിക്കില്ലെന്നും പ്രദേശത്തെ വാര്‍ഡ് മെമ്പറും ആക്ഷന്‍ കമ്മിറ്റിയംഗവുമായ ആര്‍.വിശ്വന്‍ നേരത്തെ വടകര ഡോട് ന്യൂസിനോട് പറഞ്ഞിരുന്നു. തിക്കോടി ടൗണ്‍ എന്നത് അതിപുരാതനമായ ടൗണാണ്. ഇതിലൂടെയാണ് തിക്കോടി റെയില്‍വേ സ്‌റ്റേഷനിലേക്ക് അടക്കം പോകേണ്ടത്. ഈ ഭാഗത്തെ രണ്ടായി മുറിക്കുന്ന രീതിയിലാണ് നിലവില്‍ ദേശീയപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ടൗണിന്റെ ഇരുഭാഗങ്ങളെയും ബന്ധപ്പെടുത്തി അടിപ്പാത നിര്‍മ്മിക്കാതെ ദേശീയപാത നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .