മേപ്പയ്യൂരില്‍ മദ്യപിച്ചെത്തിയ സംഘം ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനെ ആക്രമിച്ചു, പിടിച്ചുമാറ്റാന്‍ ശ്രമിച്ച എസ്.ഐയെയും സംഘത്തെയും ആക്രമിച്ചതായി പൊലീസ്; രണ്ട് യുവാക്കള്‍ക്കും എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കും പരിക്ക്
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ മദ്യപിച്ചെത്തിയ സംഘവും പോലീസും തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മേപ്പയ്യൂര്‍ ടൗണില്‍ ബാര്‍ബര്‍ഷോപ്പില്‍ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനെ ആക്രമിച്ചതില്‍ നിന്നാണ് തുടക്കം.
പൊലീസ് സംഭവ സ്ഥലത്തെത്തി ആക്രമികളെ പിടിച്ചുമാറ്റുന്നതിനിടയിലാണ് പോലീസും സംഘവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ എസ്.ഐ അടക്കം മൂന്ന് പോലീസുകാര്‍ക്കും ആക്രമി സംഘത്തിലുണ്ടായിരുന്ന ഷബീര്‍, സിബു എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മേപ്പയ്യൂര്‍ എസ്.ഐ ജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍, സി.പി.ഓ സിജു.ഒ.എം, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പച്ചാസ് എന്നറിയപ്പെടുന്ന ഷബീർ സ്ഥിരം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ഇയാള്‍ക്കെതിരെ സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മേപ്പയ്യൂര്‍ എസ്.ഐ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
സംഘര്‍ഷമുണ്ടായപ്പോള്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പോലീസുകാര്‍ ചേര്‍ന്ന് അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ഇവര്‍ പോലീസുകാരെയും ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ സേനയെ എത്തിക്കുകയും പേരാമ്പ്ര ഡി.വൈ.എസ്.പിയെ വിവരമറിയിക്കുകയുമായിരുന്നു.
ഷബീര്‍, സിബു എന്നിവരടങ്ങിയ സംഘം കൂടുതല്‍ ആളുകളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തിയതായും പൊലീസ് പറയുന്നു. ഇരുവര്‍ക്കുമെതിരെ പോലീസുകാരെ ആക്രമിച്ചതിനും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ഷബീര്‍, സിബു എന്നിവര്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്ത ഉടനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.