ആശ്വാസം; കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയിൽ കഴിയുന്ന യുവതിയ്ക്ക്‌ നിപയല്ലെന്ന് സ്ഥിരീകരണം


കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മസ്തിഷ്‌ക ജ്വരമാണെന്നാണ് കണ്ടെത്തൽ. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ആശങ്കപ്പെടാൻ ഇല്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. മസ്തിഷ്ക രോഗ ബാധയുമായി വരുന്നവരിൽ നിപ പരിശോധന നടത്താറുണ്ട്. നേരത്തെയും അത്തരത്തിൽ ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ഒരാഴ്ച മുമ്പാണ് യുവതി കോട്ടക്കലിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Description: Confirmed that the young woman undergoing treatment does not have Nipah