‘നാടിന് നഷ്ടമായത് കലാസ്നേഹിയായ പൊതുപ്രവര്‍ത്തകനെ’; അന്തരിച്ച എം.ജി.നായരെ അനുശോചിച്ച് അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം
അരിക്കുളം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ എം.ജി.നായരെ അനുശോചിച്ച് അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. എം.ജി.നായരുടെ മരണത്തോടെ നാടിന് നഷ്ടമായത് കലാസ്നേഹിയായ പൊതുപ്രവര്‍ത്തകനെയാണെന്ന് യോഗം അനുസ്മരിച്ചു.
കെ.പി.എ.സിയുടെ നാടകമായ അശ്വമേധത്തിലെ പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് എന്ന ഗാനത്തിന്റെ അകമ്പടിയോടെ കുഷ്ഠരോഗിയുടെ ഭാവ പകര്‍ച്ചയോടെ നിരവധി സ്റ്റേജുകളില്‍ നിറഞ്ഞാടിയ എം.ജി.നായര്‍ എന്ന മേലമ്പത്ത് ഗോപാലന്‍ നായര്‍ ജീവിതത്തില്‍ എടുത്തണിയാത്ത വേഷങ്ങളുണ്ടായിരുന്നില്ല.
മധുരയില്‍ ഹോട്ടല്‍ വ്യാപാരം നടത്തുന്നതിനിടയില്‍ കലയോടുള്ള ആരാധന മൂത്ത് കട അടച്ച് നാടകത്തിന്റെ പിന്നാലെപോയി. മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ ഉപാസന എന്ന പേരില്‍ നാടക ട്രൂപ്പ് തുടങ്ങി കൃഷ്ണനായും ശ്രീരാമനായും വേദികളില്‍ തിളങ്ങി. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഇന്ത്യന്‍ നേഷനല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.ജി.നായര്‍ കക്ഷി രാഷ്ട്രീയ മന്യേ വികസന പ്രവര്‍ത്തനങ്ങളില്‍ ഏവരേയും പങ്കാളികളാക്കിതായും യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.
അനുശോചന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍, ഡി.സി.സി. സെക്രട്ടറി ഇ അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.പി വേണുഗോപാലന്‍, സി പ്രഭാകരന്‍, രാമചന്ദ്രന്‍ നീലാംബരി, അഷറഫ് വള്ളോട്ട്, രാധാകൃഷ്ണന്‍ എടവന, ഇ.കെ അഹമ്മദ് മൗലവി, പി രാജന്‍ മാസ്റ്റര്‍, സി രാഘവന്‍, ദിനേശ് പള്ളിക്കല്‍, കെ.എം സുഹൈല്‍, മുഹമ്മദ് കാസിം, പി കുട്ടിക്കൃഷ്ണന്‍ നായര്‍, പി.എം രാധ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.