സമ്പൂർണ്ണ വാർഡ് ശുചീകരണ യജ്ഞം; ആയഞ്ചേരി 13 ആം വാർഡിൽ തോടുകൾ വൃത്തിയാക്കി, മാർച്ച് 24 ന് ശുചിത്വ സന്ദേശയാത്ര


ആയഞ്ചേരി: സമ്പൂർണ്ണ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ തോടുകൾ ശുചീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ എ.സുരേന്ദ്രൻ നേതൃത്വം നൽകി. സമ്പൂർണ്ണ വാർഡ് ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി വിവിധ കർമ്മ പദ്ധതികളാണ് വാർഡിൽ ആവിഷകരിച്ചിട്ടുള്ളത്.

മാർച്ച് 24ന് വൈകീട്ട് 3 മണിക്ക് പാതയോര ശുചീകരണ സന്ദേശയാത്ര മംഗലാട് സ്പാർക്കി ടറഫിന് സമീപത്ത് നിന്ന് ആരംഭിക്കുന്നതാണ്. വഴിയോരങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളുമായി സന്ദേശ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ആരോഗ്യദായകമായ സമ്മാനങ്ങൾ നൽകും. ഏറ്റവും നല്ല രീതിയിൽ വീടും പരിസരവും ശുചീകരിക്കുന്നവർക്കും, പൊതുസ്ഥലം മാതൃകാപരമായി ശുചീകരിക്കുന്നവർക്കും, മാലിന്യ പരിപാലന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വർക്കും അനുമോദന പത്രവും നൽകും.

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വയോജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സന്ദേശ യാത്രയിൽ പങ്കെടുക്കും. ആലോചനാ യോഗത്തിൽ പൊതുവാണ്ടി ശങ്കരൻ, ചാത്തു മഞ്ചക്കണ്ടി, രാജൻ മബ്ലിക്കുനി, ആശാവർക്കർ ടി.കെ റീന, മാലതി ഒന്തമ്മൽ, മോളി പട്ടേരിക്കുനി,
ദീപ തിയ്യർ കുന്നത്ത്, സതി തയ്യിൽ എന്നിവർ സംസാരിച്ചു.

Summary: Complete ward cleanliness drive; Cleaned drains in Ayanjary 13th ward, cleanliness message drive on March 24