ഇനി പരാതികള്‍ക്ക് അതിവേഗം പരിഹാരം; ന്യൂനപക്ഷ കമ്മീഷനിൽ വാട്സ് ആപ്പിലൂടെ പരാതി നല്‍കാം
തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനില്‍ ഇനി വാട്സ് ആപ്പിലൂടെ പരാതി നല്‍കാം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് നിർവഹിക്കും. നിലവിൽ നേരിട്ടും ഇ- മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്. പരാതികൾ 9746515133 നമ്പറിൽ അയയ്ക്കാവുന്നതാണ്.
പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ അഡ്വ. എ. എ. റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനിൽ വാട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്.
വാട്‌സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാൽപ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഞൊടിയിടയിൽ കമ്മീഷനെ സമീപിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും വേഗത്തിൽ പരിഹാരം കാണുന്നതിനും കഴിയും.
Description: Complaints can be submitted to the Minorities Commission through WhatsApp