‘വെള്ളം ചോദിച്ച് വീട്ടിലെത്തി, മുദ്രപത്രത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോൾ മർദ്ദനം’; ബീഹാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കുറ്റ്യാടി സ്വദേശിനി ലിത്താരയുടെ വീട്ടിൽ അ‍ഞ്ജാത സംഘമെത്തിയതായി പരാതി


പേരാമ്പ്ര: പട്നയില്‍ റെയില്‍വേയുടെ ബാസ്‌കറ്റ് ബോള്‍ താരവും കുറ്റ്യാടി സ്വദേശിനിയുമായ കെ.സി ലിതാരയുടെ വീട്ടിലെത്തിയ അഞ്ജായ സംഘം അമ്മയെ ഭീഷണിപ്പെടുത്തി മുദ്രപത്രത്തില്‍ ഒപ്പ് ഇടീക്കാന്‍ ശ്രമിച്ചതായി പരാതി. ഹിന്ദി സംസാരിക്കുന്ന രണ്ടു പേര്‍ വീട്ടിലെത്തുകയും മുദ്രപത്രത്തില്‍ ഒപ്പിടീക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.

ലിത്താരയുെടെ വീട്ടിൽ കുടിക്കാൻ കുറച്ച് വെള്ളം തരണമെന്നാവശ്യപ്പെട്ടാണ് സംഘമെത്തുന്നത്. ലിതാരയുടെ അമ്മ ലളിത ഒറ്റയ്ക്കായിരുന്നു വീട്ടിലപ്പോൾ. തുടർന്ന് കോച്ച് രവി സിംഗിന്റെയും ലളിതയുടെയും ഫോട്ടോ വെച്ച മുദ്രപത്രത്തില്‍ ഒപ്പിടാൻ ആവശ്യപ്പെട്ടു.അതിന് വഴങ്ങാത്തതിനെ തുടർന്ന് ഒപ്പിട്ടാല്‍ 25 ലക്ഷം രൂപ തരാമെന്നും സംഘം പറഞ്ഞു.

ഇതിനും ലളിത വഴങ്ങാതായതോടെ ഒപ്പിട്ടാലെ മകളുടെ ഡയറി വിട്ടു നൽകുവെന്നും സംഘം ഭീഷണിപ്പെടുത്തി. ഇതിനൊന്നും സമ്മതിക്കാതായതോടെ സംഘം ലളിതയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. ലളിത ഒച്ചവെച്ചതോടെ അയൽവാസികൾ ഓടിവരുന്നത് കണ്ട് സംഘം സ്ഥലംവിട്ടു. സംഭവം സംബന്ധിച്ച് വീട്ടുകാര്‍ കുറ്റ്യാടി പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ഏപ്രില്‍ 26നാണ് ലിതാരയെ ബിഹാറില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള സാഹചര്യം ലിതാരക്കില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ടീമിന്റെ കോച്ചില്‍ നിന്ന് ലൈംഗികവും മാനസികവുമായ പീഡനം ഉണ്ടായിരുന്നെന്ന് ലിതാര ഫോണില്‍ അറിയിച്ചിരുന്നതായി കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രവി സിംഗില്‍ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവര്‍ത്തിച്ചിരുന്നു. സംഘം വീട്ടിലെത്തിയത് മരണത്തിലെ ദു​രൂഹത വർദ്ധിപ്പിക്കുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതായും പോലീസ് സംഘം യുവതിയുടെ വീട്ടിലേക്ക് പോയതായും കുറ്റ്യാടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: complaint was made that an unknown people came to the house of basketball player Lithara, a native of Kuttyadi, who died under mysterious circumstances.