ഭൂമി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം; തിരുവള്ളൂരിൽ എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചതായി പരാതി


തിരുവള്ളൂർ: കളിക്കളം നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങുന്നതിൽ
അഴിമതി ആരോപിച്ച തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെ ആക്രമിച്ചതായി പരാതി. എൽ.ഡി.എഫ് ജനപ്രതിനിധിയും സിപിഎം നേതാവുമായ ടി.വി.സഫീറയെയും 14ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മലിനെയുമാണ് ആക്രമിച്ചത്‌. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, പഞ്ചായത്തംഗം, സ്ഥിരം സമിതി അധ്യക്ഷ, യൂത്ത് ലീഗ് നേതാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന്‌ പരിക്കേറ്റവർ പറഞ്ഞു.

തിരുവള്ളൂർ പഞ്ചായത്തിലെ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി നേതാക്കളുടെയും യോഗത്തിലാണ് ജനപ്രതിനിധികൾക്കെതിരെ കയ്യേറ്റം നടന്നത്. ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യാതെയും രാഷ്‌ട്രീയ പാർടി നേതാക്കളുമായി കൂടി ആലോചിക്കാതെയും റോഡ് സൗകര്യമില്ലാത്ത മലമുകളിൽ കളിക്കളത്തിനായി സെന്റിന് 61,000 രൂപ വിലയിൽ 90 സെന്റ് വാങ്ങിയത് സുതാര്യമായില്ല എന്നാണ്‌ ഇവർ ഉന്നയിച്ചത്‌.

പഞ്ചായത്തിലെ കുനിവയലിൽ സെന്റിന് 40,000 രൂപ വിലയിൽ ഭൂമി വാഗ്ദാനം ചെയ്ത കുടുംബവുമായി ആലോചിക്കാനോ പഞ്ചായത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലം വാങ്ങാനോ തയ്യാറായില്ല. പകരം ചില സ്ഥല കച്ചവടക്കാരുടെ ഏജന്റുമാരായി ഭരണനേതൃത്വം മാറിയതായി ഇവർ ആരോപിച്ചു.

അഴിമതി നടത്താനാണ് പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കാതെ ഏകപക്ഷീയമായി സ്ഥലം വാങ്ങിയതെന്നും ആരോപണമുയർന്നു. ഇത്‌ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ എൽ.ഡി.എഫ് ജനപ്രതിനിധികളെ കൂട്ടം ചേർന്ന് ആക്രമിച്ചത്. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ വനിത അംഗങൾക്ക് നേരെ നടത്തിയ ആക്രമത്തിൽ എൽ.ഡി.എഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് കൺവീനർ എൻ.കെ.അഖിലേഷ് ഉദ്ഘാടനംചെയ്തു. നേതാക്കളായ പി.പി.രാജൻ, ബാലകൃഷ്ണൻ മഠത്തിൽ, വള്ളിൽ ശ്രീജിത്ത്‌, എം.വി കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.

Summary: Allegation of corruption in land purchase; Complaint that UDF attacked women panchayat members in Tiruvallur