പേരാമ്പ്ര തിരുവോത്ത് താഴെ വയലില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി; തുടര്‍ച്ചയായുണ്ടാവുന്ന പ്രശ്‌നത്തിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബൈപ്പാസിനു സമീപം തിരുവോത്ത് താഴെ ഭാഗത്തായി കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഞായറാഴ്ച്ച രാത്രിയോടെയാണ് സംഭവം. രാവിലെ പ്രദേശത്തു നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്നെ അറവ് മാലിന്യങ്ങളും തള്ളിയ നിലയില്‍ കണ്ടെത്തിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ക്ക് അന്നും പരാതി നല്‍കിയിരുന്നെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്നും നാട്ടുകാര്‍ പരാതി പറയുന്നു. മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം അടുത്തുള്ള വീടുകളിലെ കിണറുകളിലേക്കും സമീപത്തു സ്ഥിതി ചെയ്യുന്ന ഫാമിലേക്കും എത്തിച്ചേരാന്‍ സാധ്യത ഉള്ളതിനാല്‍ ആശങ്ക നിലനില്‍ക്കുന്നതായും അറിയിച്ചു. പ്രദേശത്ത് സിസിടിവി സ്ഥാപിക്കാത്തത് രാത്രിയുടെ മറവില്‍ ഇത്തരം സാമൂഹിക ദ്രോഹം നടത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമാവുന്നതായും നാട്ടുകാര്‍ പറയുന്നു.

സംഭവത്തില്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയതായി വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനാവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരികക്കുമെന്ന് അറിയിച്ചു.