വടകര മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി


വടകര: മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം.

സംസ്ഥാന വ്യാപകമായി കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്‌. സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം സെക്രട്ടറി സജിത്ത് മാരാർ, കെഎസ്‌യു ഭാരവാഹികളായ അഭിഷേക്, ആഷിഫ്, അരുൺ, രബിത്ത്, അർജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്നാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നത്. രാവിലെ 11 മണിയോടെ വിദ്യാഭ്യാസ ബന്ദ് പ്രകാരം കോളേജ്‌ വിടണമെന്നാവശ്യപ്പെട്ട് എത്തിയപ്പോഴായിരുന്നു ആക്രമണം.

പരിക്കേറ്റ പ്രവര്‍ത്തകര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി. സംഭവത്തില്‍ വടകര പോലീസില്‍ പരാതി നല്‍കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.