ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമെന്ന് പരാതി; വടകര വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധം


വടകര: വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ വഴി വിതരണം ചെയ്യുന്ന കുടിവെള്ളം മലിന്യം നിറഞ്ഞതാണെന്ന് പരാതി. ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. കോളിഫോമിന്റെയും മറ്റും അളവ് വലിയ തോതിൽ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് എസ്ഡിപിഐ ആരോപിച്ചു.

ചോമ്പാൽ കറപ്പ കുന്നിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുമാണ് ഇവിടേക്ക് കുടിവെള്ളമെത്തുന്നത്. വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വടകര വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് എസ്ഡിപിഐ പരാതി നൽകി. വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല, വൈസ് പ്രസിഡന്റ് റൗഫ് ചോറോട്, സജീർ വള്ളിക്കാട്, അൻസാർ യാസർ എന്നിവർ പങ്കെടുത്തു.