പേരാമ്പ്ര സ്വദേശിനിയുടെ മരണത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കള്‍; യുവതി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര പൈതോത്ത് കേളന്‍മുക്കിലെ കാപ്പുമ്മല്‍ രജനിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രജനി മരണപ്പെട്ടത്.
നവംബര്‍ 4 നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനി ചികിത്സ തേടിയത്. ആദ്യം മരുന്ന് നല്‍കി വീട്ടിലേക്ക് പറഞ്ഞുവിട്ടു. വേദന അസഹ്യമായതിനെ തുടര്‍ന്ന് വീണ്ടും അത്യാഹിത വിഭാഗത്തിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാല്‍ വേദനയുടെ കാരണം കണ്ടെത്താനാകാതെ മാനസിക രോഗത്തിനുള്ള ചികിത്സയാണ് നല്‍കിയതെന്ന് കുടുംബം ആരോപിക്കുന്നു. അന്നുമുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു.
വാര്‍ഡില്‍ മറ്റൊരു രോഗിയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചതില്‍ നിന്നും ന്യൂറോളജി വിഭാഗത്തിലേക്ക് ഇവരെ മാറ്റുകയും ചെയ്തു. ന്യൂറോ ചികിത്സ ലഭിച്ചത് വൈകിയാണെന്നാണ് കുടുംബം പറയുന്നത്.
ഞരമ്പുകളില്‍ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തില്‍ ചികിത്സ നല്‍കിയതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Summary: Complaint that patient died due to delay in treatment at Kozhikode Medical College