ഹരിത കർമ്മസേന യഥാസമയം മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെന്ന് പരാതി; തിരുവള്ളൂർ പഞ്ചായത്തിലെ18ആം വാർഡിൽ പൊതുവഴികളിൽ മാലിന്യം കൂട്ടിയിടുന്നു
ചെമ്മരത്തൂർ: പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഹരിത കർമ്മസേന യഥാസമയം മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെന്ന് പരാതി. തിരുവള്ളൂർ പഞ്ചായത്തിലെ 18 ആം വാർഡിലാണ് പരാതി ഉയരുന്നത്. സ്വകാര്യ വ്യക്തികളുടെ വഴിയിലും പറമ്പിലും മാലിന്യങ്ങൾ കൂട്ടിയിട്ട് ബുദ്ധിമുട്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.
ചെമ്മരത്തൂർ ടൗൺ മസ്ജിദിന് മുൻവശത്തെ റോഡ് വക്കിലും മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലുണ്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇങ്ങനെ വഴിവക്കിലും പറമ്പുകളിലും കൂട്ടിയിടുന്നത്. മഴയുള്ളതിനാൽ മാലിന്യങ്ങളിൽ വെള്ളം നിറയുന്നുണ്ട്. ഇത് ആരോഗ്യ പ്രശ്നം വരെ ഉണ്ടാക്കാനിടയുണ്ടെന്ന് മുൻ പഞ്ചായത്ത് മെമ്പർ കുമാരൻ പറഞ്ഞു.
വാർഡ് മെമ്പറുടെയും പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും ശ്രദ്ധയിൽപെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കെ.കെ കുമാരൻ പറഞ്ഞു. മാലിന്യങ്ങൾ ഉടനെ നീക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.