പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പ് പിടുത്ത ജീവനക്കാരനെ മർദ്ദിച്ചതായി പരാതി; സംഭവം കൊയിലാണ്ടിയിൽ പെരുമ്പാമ്പിനെ പിടിക്കാനായി പോകവെ
പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പ് പിടുത്ത ജീവനക്കാരൻ സുരേന്ദ്രൻ കരിങ്ങാടിനെ മർദ്ദിച്ചതായി പരാതി. പെരുവണ്ണാമൂഴിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകവെ കായണ്ണയിൽവെച്ചാണ് സുരേന്ദ്രന് മർദ്ദനമേറ്റത്. നവംബർ 28നാണ് സംഭവം. കനാൽ റോഡിൽവെച്ച് ഇന്നോവയിലെത്തിയ സംഘം മർദ്ദിച്ചെന്നാണ് സുരേന്ദ്രൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
കൊയിലാണ്ടി ഭാഗത്തെ ഫ്‌ളോർമില്ലിൽ പെരുമ്പാമ്പുണ്ടെന്നും ഇതിനെ പിടികൂടണമെന്നും ആവശ്യപ്പെട്ടതു പ്രകാരമാണ് സുരേന്ദ്രൻ കൊയിലാണ്ടിയിലേക്ക് തിരിച്ചത്. റോഡിൽ പെട്ടെന്ന് കാർ പിന്നോട്ടെടുത്തപ്പോൾ ഇപ്പോൾ തന്റെ ദേഹത്തുകൂടി കയറുമായിരുന്നല്ലോയെന്ന് ചോദിച്ചിരുന്നു. ഇതിൽ പ്രകോപിതരായി ഇവരും പ്രദേശത്തുണ്ടായിരുന്ന കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. നെഞ്ചിലും തലയ്ക്കും മർദ്ദനത്തിൽ പരിക്കേറ്റു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ സുരേന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ റഫർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.