ഡോറ് തുറന്ന് വണ്ടിയില്‍ നിന്നും വലിച്ച് താഴേക്കിട്ടു; ഓട്ടോറിക്ഷയില്‍ ഉരസിയതിനെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വടകരയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി, തുടയെല്ലിന് പരിക്ക്‌


വടകര: ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ഓട്ടോറിക്ഷ ഡ്രൈവര്‍ മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ മണിയൂര്‍ കരുവഞ്ചേരി പറമ്പത്ത് മീത്തല്‍ രാജനെ (65) മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയ രാജനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഈ മാസം 18ന് വടകര പുതിയബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് സംഭവം. ഡയാലിസിസ് രോഗിയായ രാജന്‍ തണലില്‍ നിന്നും ഡയാലിസിസ് ചെയ്ത ശേഷം ഭാര്യയ്‌ക്കൊപ്പം 3മണിയോടെ ഗുഡ്‌സ് ഓട്ടോയില്‍ വരികയായിരുന്നു. ഇതിനിടെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ട്രാഫിക്ക് കുരുക്കില്‍ പെട്ടു. ഇതിനിടെയാണ് പിന്നിലുള്ള ഓട്ടോറിക്ഷയില്‍ രാജന്റെ ഗുഡ്‌സ് ഉരസിയത്. പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവറും രാജനും തമ്മില്‍ വാക്കേറ്റമായി. ശേഷം നാരായണ നഗറിലെ പെട്രോള്‍ പമ്പില്‍ കയറവേ ഓട്ടോറിക്ഷ ഡ്രൈവര്‍ മുന്നില്‍ വണ്ടി നിര്‍ത്തി രാജനെ വണ്ടിയില്‍ നിന്നും വലിച്ച് പുറത്തേക്ക് ഇടുകയായിരുന്നു.

രാജന്‍ താഴെ വീണതോടെ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കാര്യം അന്വേഷിച്ചു. ഈ സമയം അവശനായ രാജനെ ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് വടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെനിന്നും മൊടക്കല്ലൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ്‌ തുടയെല്ലിന് ശസ്ത്രക്രിയ ചെയ്തത്. രാജന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 21ന് വീട്ടുകാര്‍ വടകര പോലീസില്‍ പരാതി നല്‍കി. നാരായണ നഗര്‍ പെട്രോള്‍ പമ്പിന് സമീപത്തെത്തി ഗുഡ്‌സ് ഓട്ടോറിക്ഷ തടഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍ രാജനെ വലിച്ച് താഴെയിടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Description: Complaint that autorickshaw driver beat goods auto driver