ചെറുവണ്ണൂരില്‍ സമൂഹവിരുദ്ധര്‍ വീട്ടുമുറ്റത്തെ പച്ചക്കറിക്കൃഷി നശിപ്പിച്ചതായി പരാതി; കായ്ഫലങ്ങളും വളര്‍ത്തുമത്സ്യങ്ങളെയും മോഷ്ടിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ വീട്ടുമുറ്റത്തെ പച്ചക്കറിക്കൃഷി സമൂഹവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കായ്ഫലങ്ങളും വളര്‍ത്തുമത്സ്യങ്ങളെയും മോഷ്ടിക്കുകയും ചെയ്തു. ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം പാറേമ്മല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര ചേനായി സ്വദേശി കുഞ്ഞാറമ്പത്ത് മനോജന്റെ കൃഷിയാണ് നശിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

വീടിനോട് ചേര്‍ന്ന് വെച്ചിരുന്ന സൈക്കിളും വീട്ടുവരാന്തയിലുണ്ടായിരുന്ന കസേരയും എടുത്തുകൊണ്ടുപോയി പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു.

200-ല്‍ അധികം ഗ്രോബാഗുകളിലെ കായ്ച്ചു തുടങ്ങിയ വഴുതന, വെണ്ട, കൈപ്പ, പച്ചമുളക് തുടങ്ങിവ ഉള്‍പ്പെടുന്ന ജൈവ പച്ചക്കറിച്ചെടികളാണ് നശിപ്പിച്ചത്.

കായ്കളെല്ലാം പറിച്ചുകൊണ്ടുപോവുകയും വളര്‍ത്തുന്ന മീനുകളെ പിടിച്ച്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരനായ മനോജനും ഭാര്യയും രണ്ട് മക്കളും ചേര്‍ന്ന് വളര്‍ത്തിയെടുത്തതാണ് ഇവയൊക്കെ. മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കി.