കോഴിക്കോട് മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ പേരാമ്പ്ര സ്വദേശിനി മരിച്ചെന്ന പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് പേരാമ്പ്ര സ്വദേശിനിയായ രോഗി മരിച്ചെന്ന പരാതിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്തത്. സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്‌.

ഗില്ലൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായതെന്നും എന്നാൽ മനോരോഗ ചികിത്സയാണ് രജനിക്ക് നൽകിയതെന്നും ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. കഴിഞ്ഞ നവംബർ നാലിലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനി ചൊവ്വാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് രജനി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ആദ്യം മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. വേദന അസഹ്യമായതിനെ തുടർന്ന് വീണ്ടും അത്യാഹിത വിഭാഗത്തിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാൽ വേദനയുടെ കാരണം കണ്ടെത്താനാകാതെ മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു. അന്നുമുതൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു.

വാർഡിൽ മറ്റൊരു രോഗിയെ പരിശോധിക്കാനെത്തിയ ഡോക്ടർ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചതിൽ നിന്നും ന്യൂറോളജി വിഭാഗത്തിലേക്ക് ഇവരെ മാറ്റുകയും ചെയ്തു. ന്യൂറോ ചികിത്സ ലഭിച്ചത് വൈകിയാണെന്നാണ് കുടുംബം പറയുന്നത്. ഞരമ്പുകളിൽ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തിൽ ചികിത്സ നൽകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് രജനിയുടെ കുടുംബത്തിന്റെ ആരോപണം.