നാദാപുരം ഗവൺമെന്റ് കോളേജിൽ പുറത്തുനിന്നെത്തിയ സംഘം ആക്രമണം നടത്തിയതായി പരാതി; യൂണിയൻ ചെയർമാനടക്കം നാലു വിദ്യാർത്ഥികൾക്ക് പരിക്ക്, ഡി.വൈ.എഫ്.ഐ ആക്രമണമെന്ന് എം.എസ്.എഫ്


നാദാപുരം: നാദാപുരം ഗവൺമെണ്ട് കോളേജില്‍ പുറത്തു നിന്നെത്തിയ സംഘം ആക്രമണം നടത്തിയതായി പരാതി. യൂണിയൻ ചെയർമാനെയടക്കം നാല് വിദ്യാർത്ഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എം.എസ്.എഫ് ആരോപിച്ചു.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഇന്നു കോളേജില്‍ നടക്കുന്ന വിദ്യാർത്ഥി യൂണിയന്റെ സത്യപ്രതിജ്ഞക്ക്‌ വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് പുറത്തു നിന്നെത്തിയ സംഘം ആക്രമണം നടത്തിയത്. കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ്‌ ഹാദില്‍ (20), റംഷാദ് (20), സജാദ് (21), ആശ്വാസ് (20) എന്നിവർക്കാണ് മർദനമേറ്റത്.

യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥികള്‍ പറയുന്നത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കോളേജിൽ സംഘർഷമുണ്ടാക്കിയ ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്യുണമെന്ന് എം.എസ്.എഫും മുസ്ലിംലീഗും ആവശ്യപ്പെട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്ധ്യാർത്ഥികളെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദർശിച്ചു.

Summary: Complaint that a group from outside attacked Nadapuram Government College; Four students, including the union chairman, injured, MSF claims DYFI attack