അരൂരില്‍ സ്‌കൂള്‍വിട്ടുവരികയായിരുന്ന ആറാംക്ലാസ് വിദ്യാര്‍ഥിയെ ബലംപ്രയോഗിച്ച് വാനില്‍കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി; നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി


അരൂര്‍: പരീക്ഷകഴഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അരൂര്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ബുധനാഴ്ച വൈകുന്നേരം വാനിലെത്തിയ ഒരു സംഘം വണ്ടിയില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത്.

പരീക്ഷ കഴിഞ്ഞ് മറ്റ് കുട്ടികള്‍ക്കൊപ്പമാണ് ഈ വിദ്യാര്‍ഥി സ്‌കൂളില്‍ നിന്നും ഇറങ്ങിയത്. വീട്ടിനടുത്തുള്ള റോഡിലേക്ക് കയറിയപ്പോള്‍ വിദ്യാര്‍ഥി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ഈസമയത്ത് കുട്ടിയെ പിന്തുടര്‍ന്ന സംഘം ഗ്രാമതീരം ഓഡിറ്റോറിയം റോഡ് ജങ്ഷനില്‍വെച്ച് വാനില്‍ കയറ്റാന്‍ ശ്രമിച്ചതായാണ് പരാതി.

ഓടി രക്ഷപ്പെടുന്നതിനിടയില്‍ കുട്ടി നിലത്തുവീണപ്പോള്‍ ഒരാള്‍ വാനില്‍ നിന്നിറങ്ങി കാറില്‍ കയറ്റാന്‍ ശ്രമിച്ചതായും ഇയാള്‍ കൈയുറ ധരിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ ഒരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വാനിലെത്തിയ സംഘം കടന്നുകളയുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നാദാപുരം പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നാദാപുരം എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്‌കൂളിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Summary: Complaint that a 6th class student, who was leaving school in Arur, was forcibly taken into a van; Nadapuram police started investigation