സ്വര്‍ണ്ണം തട്ടിയെടുത്തെന്ന് ആരോപണം; മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി


താമരശ്ശേരി: സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മേപ്പയ്യൂര്‍ കാരയാട് പാറപ്പുറത്തുമ്മല്‍ ഷഫീഖി (36)നാണ് മര്‍ദ്ദനമേറ്റത്. ബഹ്റൈനില്‍നിന്ന് തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ഇയാളെ കോഴിക്കോട്ടുകാര്‍തന്നെയുള്‍പ്പെട്ട നാലംഗസംഘം താമരശ്ശേരിയിലെ ലോഡ്ജില്‍ തടങ്കലില്‍വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് ഷഫീഖിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയത്.

ഇയാള്‍ കൊണ്ടുവന്ന സ്വര്‍ണം മറ്റാര്‍ക്കോ നല്‍കിയെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടു പോകല്‍. ബുധനാഴ്ച താമരശേരിയില്‍നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നതിനിടയില്‍ കൊടുവള്ളി കുറുങ്ങോട്ട് കടവിനടുത്ത് വെച്ച് സംഘത്തിന്റ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഷഫീഖ് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊടുവള്ളി പൊലീസ് എത്തി ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് താമരശേരി പൊലീസിന് കൈമാറി. ഇതിനിടെ സ്വര്‍ണക്കടത്ത് സംഘം രക്ഷപ്പെട്ടു.

താമരശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലംഗം സംഘമാണ് ആക്രമിച്ചതെന്നും ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച സ്വര്‍ണം നല്‍കാത്തതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്നും മൊഴിയില്‍ പറയുന്നു. പ്രതികള്‍ കൊടുവള്ളി, കുന്നമംഗലം, മുക്കം പ്രദേശത്ത് നിന്നുള്ളവരാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും താമശേരി ഇന്‍സ്‌പെക്ടര്‍ ടി.എ അഗസ്റ്റിന്‍ പറഞ്ഞു.

summary: complaint of being abducted and beaten up by a gold smuggling gang