ചുമട് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; കൊയിലാണ്ടിയില്‍ ചുമട്ടുതൊഴിലാളിയെ ഫര്‍ണീച്ചര്‍ ഉടമ മര്‍ദ്ദിച്ചതായി പരാതി


കൊയിലാണ്ടി: ചുമട്ടു തൊഴിലാളിയെ മര്‍ദ്ദിച്ചതായി പരാതി. കുറുവങ്ങാട് സ്വദേശിയായ ചുമട്ടു തൊഴിലാളി ചന്ദ്രനെ ഫര്‍ണീച്ചര്‍ ഉടമ മര്‍ദ്ദിച്ചുവെന്നാണ് പരാതി. 28.3.20205 നാണ് പരാതിക്കടിസ്ഥാനമായ സംഭവം. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന് സമീപത്ത് പുതുതായി ആരംഭിക്കുന്ന ഫര്‍ണീച്ചര്‍ കടയിലേയ്ക്ക് ചുമട് ഇറക്കാന്‍ ചെന്നപ്പോള്‍ ഫര്‍ണീച്ചര്‍ ഉടമയും കുറച്ച് പേരും മര്‍ദ്ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ ചന്ദ്രന്റെ ഇടത് കൈ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.40 ന് ഫര്‍ണീച്ചറും മറ്റും ഇറക്കാന്‍ ചെന്നതോടെ ഫര്‍ണീച്ചര്‍ ഉടമയും കുറച്ചാളുകളും യാതൊരു പ്രകോപനവുമില്ലാതെ തന്നെ തള്ളിയിടുകയായിരുന്നെന്ന് ചന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിക്കേറ്റ ചന്ദ്രന്‍ നിലവില്‍ ചികിത്സയിലാണ്. മര്‍ദിച്ചത് സംബന്ധിച്ച് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ചന്ദ്രന്‍ പറഞ്ഞു.

നിയമപ്രകാരം പുതുതായി ഫര്‍ണീച്ചര്‍ സ്ഥാപനം ഉള്ള സ്ഥലത്ത് ചുമട്ടുതൊഴിലാളികള്‍ക്ക് ജോലി ചെയ്യേണ്ട സ്ഥലമാണെന്നും ലേബര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് ചുമട് ഇറക്കാന്‍ അനുവാദമുള്ളുവെന്നും സി.ഐ.ടി.യു അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഫര്‍ണീച്ചര്‍ ഉടമ മറ്റ് ജോലിക്കാരെ വച്ച് ചുമട് ഇറക്കാന്‍ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തതിനാണ് തൊഴിലാളിയെ മര്‍ദ്ദിച്ചതെന്നും സി.ഐ.ടിയു നേതാവ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

നിയമം പാലിക്കാതെ മുന്നോട്ടുപോകുന്നത് തങ്ങള്‍ തടയുമെന്നും നിയമപരമായി നേരിടുമെന്നും സി.ഐ.ടിയു ഏരിയ സെക്രട്ടറി അശ്വിനിദേവ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.