കല്ലൂര്‍ ബ്രാഞ്ച് കനാലിലെ ചോര്‍ച്ച തടയാന്‍ നടപടിയായില്ല; ലാസ്റ്റ് കല്ലോട് ഭാഗത്ത് വെള്ളം പാഴാവുന്നതായി പരാതി


പേരാമ്പ്ര: ഗ്രാമമേഖലകളില്‍ പലയിടത്തും വെള്ളമെത്താതെ ദുരിതമനുഭവിക്കുമ്പോഴും ലാസ്റ്റ് കല്ലോട് ഭാഗത്ത് കനാല്‍ ചോര്‍ന്ന് വെള്ളം പാഴാകുന്നതായി പരാതി. കുറ്റ്യാടി ജലസേചനപദ്ധതിയിലെ കല്ലൂര്‍ ബ്രാഞ്ച് കനാലിന്റെ ചോര്‍ച്ചമൂലമാണ് ലാസ്റ്റ് കല്ലോട് ഭാഗത്ത് വെള്ളം റോഡിലേക്കും സമീപത്തെ പറമ്പുകളിലേക്കും ഒഴുകിപ്പോകുന്നത്.

കനാലില്‍നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കിവിടാറുള്ള ചാലില്‍ ഒഴുക്ക് തടസ്സപ്പെടുന്നതിനാല്‍ റോഡിലേക്ക് വെള്ളമൊഴുകുന്നതും ഈ ഭാഗത്ത് പതിവാണ്. കഴിഞ്ഞമാസം 20ന് പ്രധാന കനാല്‍ തുറന്നെങ്കിലും കല്ലൂര്‍ ബ്രാഞ്ച് കനാലില്‍ ഇതുവരെ എല്ലായിടത്തും വെള്ളമെത്തിയിട്ടുമില്ല. തുറന്നസമയത്ത് വെള്ളമെത്തിയിരുന്നെങ്കിലും വളരെപ്പെട്ടെന്ന് ജലവിതരണം നിര്‍ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കനാല്‍വെള്ളമെത്താത്തതിനാല്‍ ജലസ്രോതസ്സുകളിലെല്ലാം വെള്ളം വറ്റിയതുകാരണം മേഖലയില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്.