കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൌണ്ടറിന് മുന്നില്‍ അനാവശ്യ തിക്കും തിരക്കും ഉണ്ടാക്കി മോഷണം; ഊരത്ത് സ്വദേശിനിയുടെ രണ്ട് പവനോളം വരുന്ന സ്വര്‍ണമാല കവർന്നു
കുറ്റ്യാടി: ഗവ.താലൂക്ക് ആശുപത്രിയില്‍ സ്വര്‍ണമാല മോഷണം പോയതായി പരാതി. തിരക്കേറിയ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ വരിനില്‍ക്കുന്നതിനിടെയാണ് ഊരത്ത് സ്വദേശി കാരംകോട്ട് വീട്ടില്‍ ലീലയുടെ രണ്ട് പവനോളം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
മുപ്പത്തിയഞ്ച് നാല്‍പത്തിയഞ്ച് വയസോളം വരുന്ന രണ്ട് സ്ത്രീകള്‍ മാലമോഷ്ടിക്കുന്ന ദൃശ്യം ആശുപത്രിയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടിക്കറ്റ് കൌണ്ടറിനടുത്ത് അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കി അവസരം മുതലെടുത്താണ് മാല മോഷണം. ദൃശ്യത്തില്‍ കാണുന്ന പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ മാസ്ക് ധരിച്ചതിനാല്‍ അവരെ വ്യക്തമായി തിരിച്ചറിയാനായിട്ടില്ല.
ലീല നല്‍കിയ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 80000 രൂപയോളം വിലമതിക്കുന്ന മാലയാണ് നഷ്ടപ്പെട്ടതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റ്യാടി പൊലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.
ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ജീവിനക്കാരെ നിയമിക്കണമെന്ന് ഇവിടെ എത്തുന്ന രോഗികള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.