തലയാട് തോടിന് സമീപം ആശുപത്രി മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി; നാട്ടുകാര്‍ രംഗത്ത്


ബാലുശ്ശേരി: തലയാട് കാവുംപുറം തോടിനടുത്ത് ആശുപത്രിയിലെ ലാബ് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. വലിയ ചാക്കുകളിലായാണ് ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നത്.

മാലിന്യങ്ങള്‍ തള്ളിയ കാവുംപുറം മലയില്‍ നിന്ന് ഒഴുകി വരുന്ന വെള്ളമാണ് പ്രദേശത്തുകാര്‍ കുടിവെള്ളമായി ഉപയോഗിക്കാറുള്ളത്. സംഭവത്തില്‍ നാട്ടുകാര്‍ ബാലുശ്ശേരി പോലീസിനെയും പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കിലും നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

മാലിന്യങ്ങളില്‍ നിന്ന് ആസിഡ് പോലെയുളള ദ്രാവകം കണ്ടെത്തിയത് നാട്ടുകാരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രദേശത്ത് നിന്ന് മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് മാറ്റുന്നതിനായി പോലീസിനോടും ഫയര്‍ഫോഴ്‌സിനോടും പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ഡ് അംഗം ലാലി രാജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചതായും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.