”ഒരു മാസമായി തുടങ്ങിയിട്ട്, മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളുമാണ് കൂടുതല്‍, വല്ലാത്ത ബുദ്ധിമുട്ടിലാണ്’; രാത്രികാലങ്ങളില്‍ ചെമ്മരത്തൂര്‍-തോടന്നൂര്‍ റോഡില്‍ മാലിന്യം വലിച്ചെറിയുന്നതായി പരാതി


ചെമ്മരത്തൂര്‍: ‘ഒരു മാസത്തിനിടെയിത് മൂന്നാമത്തെ തവണയാണ്…… മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളുമാണ് കൂടുതലായുള്ളത് ഉള്ളത്. റോഡിലൂടെ പോവുന്നവരും പരിസരവാസികളും ആകെ ബുദ്ധുമുട്ടിലാണ്. ചെമ്മരത്തൂര്‍ -തോടന്നൂര്‍ റോഡില്‍ രാത്രികാലങ്ങളിൽ അജ്ഞാതർ മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കുകയാണെന്നാണ് പരിസരവാസിയും ചെമ്മരത്തൂര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗവുമായ ശ്രീജിത്ത് എ.പി വടകര ഡോട് ന്യസിനോട് പറഞ്ഞത്.

3 കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് മാലിന്യം അലക്ഷ്യമായി റോഡില്‍ വലിച്ചെറിയുന്നത്. ഒരു മാസം മുമ്പ് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ചാക്കുകളിലും കവറുകളിലുമായി റോഡിന് നടുവിലും സമീപത്തുമായി മാലിന്യം കണ്ടത്. എന്നാല്‍ അന്നത് അത്ര കാര്യമാക്കി ആരും എടുത്തില്ല. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവം പതിവായതോടെയാണ് ചെമ്മരത്തൂര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ കാര്യം അന്വേഷിക്കാന്‍ തുടങ്ങിയത്.

മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളുമാണ് പതിവായി ചാക്കിലും കവറുകളിലുമാക്കി വലിച്ചെറിയുന്നത്. കല്യാണവീടുകളിലെയോ അതല്ലങ്കില്‍ തട്ടുകടകളിലെയോ ഭക്ഷണാവശിഷ്ടങ്ങളാകാം റോഡില്‍ വലിച്ചെറിയുന്നത് എന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നത്. രാത്രികാലങ്ങളില്‍ മാലിന്യം ഇത്തരത്തില്‍ പതിവായി വലിച്ചെറിയുന്നവരെ ഉടന്‍ കണ്ടെത്തണമെന്നും നാട്ടുകാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നുമാണ് ചെമ്മരത്തൂര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

Description: Complaint about dumping garbage on Chemmarathur-Thodannur road