കൂറ്റന്‍ ബീമുകള്‍ കുരുന്നുകളുടെ തലയ്ക്കു മുകളില്‍; ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥ, റോഡ് വികസനം കണിയോത്ത് മാതൃകാ അംഗനവാടിയെ തകര്‍ത്തു, യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്


അരിക്കുളം: കുരുന്നുകളുടെ തലയ്ക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ ബീമുകള്‍. പേടിയോടെയല്ലാതെ കുട്ടികളെഅംഗനവാടിയിലേക്ക് വിടാന്‍ പറ്റാത്ത അവസ്ഥ. ഇതെല്ലാമാണ് ഇന്ന് അരിക്കുളം തറമലങ്ങാടി നാലാം വാര്‍ഡിലെ കണിയോത്ത് അംഗനവാടിയുടെ അവസ്ഥ. ആറ് മാസം മുന്‍പാണ് പേരാമ്പ്ര- തറമ്മലങ്ങാടി റോഡ് വികനത്തിന്റെ ഭാഗമായി അംഗനവാടിയുടെ മുന്‍ഭാഗത്തെ മതിലും മുറ്റവും പൊളിച്ചത്.

ഇതോടെ മനോഹര ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച ചുവരുകളാകെ പൊടിപറ്റി നിറം മങ്ങി. ഇന്റര്‍ലോക്കിട്ട മുറ്റം പാടെ തകര്‍ന്നു തരിപ്പണമായി. കെട്ടിടാവശിഷ്ടങ്ങള്‍ പരിസരമാകെ കൂട്ടിയിട്ടിരിക്കുന്ന നിലയില്‍. മുന്‍ഭാഗത്തെ മേല്‍ക്കൂര ഇളകി ഏതു നിമിഷവും തകര്‍ന്നു വീഴാറായ നിലയിലേക്കും മാറി. മതിലും മുറ്റവും ഉടനെ പുന:സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ മേല്‍ക്കൂരയുടെ തുണുകളുടെ അടിത്തറ തകര്‍ന്ന് കിടക്കുകയാണ്. അടിത്തറ പൊളിഞ്ഞു കിടക്കുന്നതും കെട്ടിടാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടതും ഇഴജന്തുക്കളുടെ ഭീഷണിക്ക് കാരണമാവുന്നതായി രക്ഷിതാക്കള്‍ പറയുന്നു.

മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ബീമിന്റെ പകുതി ഭാഗം മുറിഞ്ഞ് തൂങ്ങി നില്‍ക്കുന്നത് ഏത് നിമിഷവും കമ്പിയില്‍ നിന്നും വേര്‍പെട്ട് വീഴാന്‍ സാധ്യതയുണ്ട്. രണ്ട് കിന്റലോളം ഭാരമുള്ള ഈ ബീം വന്‍ദുരന്തത്തിനിടയാക്കുന്ന സാഹചര്യമാണുള്ളതെന്നും പറയുന്നു. അപകട ഭീഷണി ഉള്ളതിനാല്‍ കുട്ടികളെ ജീവനക്കാര്‍ അകത്തുതന്നെ ഇരുത്തുകയാണിപ്പോള്‍.

ജില്ലയിലെ മാതൃകഅംഗനവാടിയായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തിന്റെ പരിതാപകരമായ അവസ്ഥയില്‍ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്. അംഗനവാടി വെല്‍ഫെയര്‍ കമ്മിറ്റിയില്‍ രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ദുരവസ്ഥ അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പടുത്തിയെങ്കിലും നടപടി ഉണ്ടായില്ല എന്നും പരാതിയുണ്ട്.

15 കുട്ടികളൊണ് ഇവിടെ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. കൂടാത 15 ഗര്‍ഭിണികളും 6 മാസം മുതല്‍ 3 വര്‍ഷം വരെ പ്രായമുള്ള 45 കുഞ്ഞുങ്ങളും ഇവിടുത്തെ ഗുണഭോക്താക്കളാണ്. കെട്ടിടം അപകട ഭീഷണിയിലായതോടെ കുഞ്ഞുങ്ങളെ വിടാന്‍ പല രക്ഷിതാക്കളും തയ്യാറാകുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

അംഗനവാടിയുടെ മതിലും മുറ്റവും മേല്‍ക്കൂരയും പുനര്‍ നിര്‍മിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കാരയാട് മേഖലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും സാമൂഹ്യ നീതി വകുപ്പിനും യു.ഡി.എഫ് പരാതി നല്‍കിയിട്ടുണ്ട്. ശോച്യാവസ്ഥയിലായ അംഗനവാടി യു.ഡി.എഫ് നേതാക്കളായ അമ്മദ് പൊയിലങ്ങല്‍, ടി.മുത്തുകൃഷ്ണന്‍, സി.മോഹന്‍ദാസ്, എന്‍.കെ അഷറഫ്, സി.രാമദാസ് എന്നിവര്‍ സന്ദര്‍ശിച്ചു.

അതേസമയം നിര്‍മ്മാണത്തിനാവശ്യമായ എസ്റ്റിമേറ്റ തയ്യാറാക്കല്‍
നടപടികള്‍ ആരംഭിച്ചതായി വാര്‍ഡ് മെമ്പര്‍ വി.പി അശോകന്‍ അറിയിച്ചു.

summary: complaint about delay in reconstruction work of anganwadi building which was demolished for road construction