വടകരയില്‍ ക്ലാസിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം; ക്ലാസില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച് രക്ഷിതാവ്


വടകര: ക്ലാസില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായി പരാതി. എം.യു.എം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്കാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഫാദില്‍ (14) ഷാമില്‍ (14) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു.

മുന്‍ദിവസങ്ങളില്‍ ക്ലാസിലെ ഏതാനും കുട്ടികള്‍ തമ്മില്‍ ചെറിയ വാക്ക് തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒരു കുട്ടിയുടെ രക്ഷിതാവ് ക്ലാസിലേക്ക് അതിക്രമിച്ച് കയറി വന്ന് ഫാദിലിനെയും ഷാമിലിനെയും മര്‍ദ്ദിക്കുകയായിരുന്നു. ഫാദിലിന്റെ മുഖത്തും തലയിലും അടിയേറ്റതായും ഷാമിലിന്റെ കഴുത്ത് പിടിച്ച് ഞെരിച്ചതായും പറയുന്നുണ്ട്. പരിക്കേറ്റ ഫാദില്‍ സ്കൂളിന് സമീപത്തെ ബന്ധുവീട്ടിലേക്ക് പോയി.

മറ്റു വിദ്യാര്‍ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയില്‍ ക്ലാസിലെ കുട്ടിയുടെ രക്ഷിതാവായ ഷാജഹാന്‍ എന്ന വ്യക്തിക്കെതിരെ കേസെടുത്തതായി വടകര പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട്
പറഞ്ഞു.