കപ്പ, മീന്‍, ഉന്നക്കായ, സമൂസ- ക്യാമ്പസില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഫ്രൈഡെ മാര്‍ക്കറ്റ്; തുച്ഛമായ വിലയില്‍ വീട്ടിലുണ്ടാക്കിയ ഗുണമേന്മയുള്ള ഭക്ഷണവുമായി കോഴിക്കോട് സെന്റ് സേവിയസിലെ വിദ്യാര്‍ത്ഥികള്‍


കോഴിക്കോട്: ക്യാമ്പസുകളില്‍ ഫ്രൈഡെ മാര്‍ക്കറ്റൊരുക്കി വിദ്യാര്‍ത്ഥികള്‍. വീട്ടില്‍ നിന്ന് തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ ക്യാമ്പസില്‍ വില്‍പ്പനക്കായി എത്തിച്ച് വിദ്യാര്‍ത്ഥികളിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഫ്രൈഡെ മാര്‍ക്കറ്റ്.

കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജിലെ ഇഡി ക്ലബില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കമിട്ടത്. ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ. എ.പി അനു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളിലെ സംരംഭകരെ വളര്‍ത്താനും ഭക്ഷ്യ വിഭവങ്ങളിലെ സുരക്ഷിതത്ത്വം ഉറപ്പ് വരുത്താനും ഫ്രൈഡെ മാര്‍ക്കറ്റ് ഉപകരിക്കുമെന്നും എ.പി അനു അഭിപ്രായപ്പെട്ടു.

ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനിലായിരുന്നു പൊറാട്ട – ചിക്കന്‍ കറി, കപ്പ – മത്സ്യക്കറി, ഉന്നക്കായ, സമൂസ, ഓംലെറ്റ് തുടങ്ങി 20 ല്‍ പരം വിഭവങ്ങള്‍ വില്‍പ്പനക്കായി ഒരുക്കിയത്. വില വിവര പട്ടികയും പ്രദര്‍ശിപ്പിച്ചിരുന്നു. ഏകദേശം രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേക്കും വിഭവങ്ങളെല്ലാം തീര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഗാന വിരുന്നും ചടങ്ങിന് പൊലിമയേകി.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യൂ അധ്യക്ഷത വഹിച്ചു. തൊഴില്‍ കണ്ടെത്തുന്നതിലുപരി തൊഴില്‍ ദാതാക്കളായി മാറാന്‍ ഫ്രൈഡെ മാര്‍ക്കറ്റ് പ്രചോദനമാകുമെന്നും എല്ലാ വെള്ളിയാഴ്ചകളിലും ഉച്ഛയ്ക്ക് ശേഷം ഫ്രൈഡെ മാര്‍ക്കറ്റ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നും പ്രിന്‍സിപ്പല്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യൂ അറിയിച്ചു.

summary: college students to organize Friday market to encourage entrepreneurs among students