നാദാപുരത്ത് കാട്ടുപന്നി ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിദ്യാര്‍ഥിനി; കിണറ്റില്‍ വീണ പന്നിയുമായി വലഞ്ഞ് നാട്ടുകാര്‍


നാദാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി വിദ്യാർത്ഥിനി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ വിദ്യാർത്ഥിനി കനാൽ പരിസരത്ത് വെച്ച് കാട്ടുപന്നിക്ക് മുന്നിൽപ്പെട്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ആക്രമിക്കാനെത്തിയ പന്നി സമീപത്തുള്ള വീട്ടുപറമ്പിലെ കിണറ്റില്‍ വീണ് വൈകുന്നേരത്തോടെ ചത്തു.

കക്കം വെള്ളി പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന വിദ്യാര്‍ഥിനി രാവിലെ എട്ടരയോടെ പയന്തോങ്ങ് ഹൈടെക് കോളേജിലെക്ക് പോവുന്ന വഴി കനാൽ പരിസരത്ത് വെച്ചാണ് കാട്ടുപന്നിയുടെ മുന്നിൽ പെട്ടത്. സമീപത്തെ പൊന്തക്കാട്ടിൽ നിന്ന് ഇറങ്ങിവന്ന പന്നി വിദ്യാർത്ഥിക്ക് നേരെ വന്നെങ്കിലും വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടുകയായിരുന്നു.

പിന്നീട് കാട്ടുപന്നി ഈ പ്രദേശത്തിനടുത്തുള്ള കൂവലം കണ്ടി മൊയ്തുവിന്റെ വീടിനോട് ചേർന്ന പറമ്പിലെ കിണറ്റിലേക്ക് അബദ്ധത്തിൽ വീണു. സഹായത്തിനായി പഞ്ചായത്ത്, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവരുമായി മാറിമാറി ബന്ധപ്പെട്ടെങ്കിലും എല്ലാവരും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറിയതായി നാട്ടുകാർ പരാതിപ്പെട്ടു. ലൈസൻസുള്ള തോക്കുള്ളയാളെ കണ്ടുപിടിക്കാൻ വനംവകുപ്പ് നൽകിയ നിർദേശം നാട്ടുകാരെ ഏറെ വലച്ചു.

തോക്കുള്ളയാളെ തേടി ഏറെ നേരം അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിൽ നാട്ടുകാർതന്നെ കയറിൽ കുരുക്കുണ്ടാക്കി കരക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ആക്രമണഭീതി കാരണം ഉപേക്ഷിച്ചു. ഒടുവില്‍ വെള്ളത്തിൽ കിടന്ന് വൈകുന്നേരത്തോടെ പന്നിക്ക് നഷ്ടമായി. തുടർന്ന് കരക്കെത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. കിണറിൽ വീണ് പന്നി ചത്തതോടെ വീട്ടുകാർ താൽക്കാലികമായി വീടൊഴിഞ്ഞ് ബന്ധുവീട്ടിലേക്ക് മാറി.

Summary: college student miraculously escaped from a wild boar attack in Nadapuram