പൊതുപരിപാടികളിലെ നിറസാന്നിധ്യം, മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ കുട്ടികള്‍ക്കായി നാടകം ഒരുക്കി; അനുഗൃഹീത കലാകാരന്‍ മുരളി ഏറാമലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ വിങ്ങി നാട്


ഉളിക്കൽ: ചിത്രരചന, ശില്‍പനിര്‍മ്മാണം, ചമയം, സ്‌ക്കൂള്‍ കലോത്സവം, ശാസ്‌ത്രോത്സവം, പൊതുപാരിപാടികള്‍, നാടകവേദികള്‍, പരസ്യകലാസംവിധാനം തുടങ്ങി മുരളി ഏറാമല കൈവെക്കാത്ത മേഖലകളില്ലായിരുന്നു. മരിക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പും കലാരംഗത്ത് സജീവമായിരുന്നു അദ്ദേഹം. പെരിങ്ങത്തൂര്‍ എന്‍.എ.എം.എച്ച്.എസ്.എസില്‍ ശാസ്ത്രനാടകം പരിശീലിപ്പിച്ച ശേഷം ഒളവിലത്ത് താമസിക്കുന്ന ബന്ധുവീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പത്രവായനയ്ക്കിടെയാണ് തിങ്കളാഴ്ച രാവിലെയോടെ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നായിരുന്നു ചിത്രകല പഠിച്ചത്. പാനൂര്‍ പിആര്‍എം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു. ചിത്രകലയിലും ശില്‍പനിര്‍മ്മാണത്തിലും ഒരുപോലെ സജീവമായിരുന്നു മുരളി. ജീവന്‍ തുടിക്കുന്ന ഒട്ടേറെ ശില്‍പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മയ്യില്‍ ടൗണില്‍ സ്ഥാപിച്ച യുദ്ധസ്മാരകം മുരളിയുടെ മികച്ച കലാസൃഷ്ടികളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷത്തെ കേരളീയം പരിപാടിയില്‍ കണ്ണൂരിനെ പ്രതിനിധീകരിച്ച് തലസ്ഥാനവേദിയില്‍ ശില്‍പ്പങ്ങളൊരുക്കിയിരുന്നു.

അമച്ചര്‍-പ്രൊഫഷണല്‍ നാടകങ്ങളിലും സിനിമയിലും വേഷമണിഞ്ഞിട്ടുണ്ട്. ഒപ്പം സിനിമാസംവിധാന സഹായിയായും, നാടകരചയിതാവായും തിളങ്ങിയിരുന്നു. ഉളിക്കല്‍ മണ്ഡപപ്പറമ്പിലായിരുന്നു കുറേ വര്‍ഷങ്ങളായി താമസം. തങ്ങളുടെ പ്രിയപ്പെട്ട മുരളിയെ കാണാന്‍ സഹപ്രവര്‍ത്തകരും കൂട്ടുകാരും ശിഷ്യരും അടക്കം നിരവധി പേരാണ് വീട്ടുവളപ്പിലേക്ക് ഇന്ന് രാവിലെ എത്തിയത്.

Description:Colleagues saddened by the unexpected demise of Murali Eramala