വടകര നടക്കുതാഴ മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണു; നാല് പേര്‍ക്ക് പരിക്ക്


വടകര: മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണ് നാല് പേര്‍ക്ക് പരിക്ക്. നടക്കുതാഴ ചാക്യപുറത്ത് വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസമാണ് ചാക്യപുറത്ത് വാസു മരണപ്പെട്ടത്. ഇതെ തുടര്‍ന്ന് വീട്ടിലേക്ക് ആളുകള്‍ വരുന്നതിനിടെയായിരുന്നു അപകടം.

വീട്ടുവളപ്പിലെ തെങ്ങ് കടപുഴകി മുറ്റത്തേക്ക് വീഴുകയായിരുന്നു. മുറ്റത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന വാസുവിന്റെ മരുമക്കളായ പ്രദീപന്‍, ബൈജു, പുത്തൂര്‍ ട്രെയിനിംഗ് സ്‌ക്കൂള്‍ സ്വദേശി, മേപ്പയില്‍ സ്വദേശി ബാബു എന്നിവരുടെ ഇടയിലേക്ക് തെങ്ങ് വീണത്.

പ്രദീപനും ബൈജുവിനും കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാരമായി പരിക്കേറ്റ മേപ്പയില്‍ സ്വദേശി ബാബുവിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പുത്തൂര്‍ സ്വദേശി ബാബുവിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട് മേഞ്ഞ വീടിന്റെ മുന്‍വശത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.