പൊന്നുംവിലയുള്ള താരമായി തേങ്ങ; ഏഴ് വര്‍ഷത്തിലെ ഏറ്റവും വലിയ വര്‍ധനവ്, തേങ്ങ വില്‍ക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ വില്‍ക്കാം


വടകര: സ്വര്‍ണവിലയ്‌ക്കൊപ്പം കുതിച്ച് നാളികേരവിപണിയും. കഴിഞ്ഞ എഴ് വര്‍ഷത്തിനിടെ വന്‍ വിലയാണ് തേങ്ങയ്ക്ക് വര്‍ധിച്ചിരിക്കുന്നത്. വിപണി വിലയനുസരിച്ച് ഒരു കിലോ തേങ്ങയ്ക്ക് 42.50രൂപയാണ് വില. പച്ചത്തേങ്ങ, രാജാപൂര്‍, ഉണ്ട, മില്‍ കൊപ്ര എന്നിവയ്ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്.

വടകരയില്‍ തിങ്കളാഴ്ച പച്ചത്തേങ്ങ ക്വിന്റലിന് 42.50 രൂപയായിരുന്നു. കഴിഞ്ഞ ദിവസം 4000രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയ്ക്ക് ഒരു ദിവസം കൊണ്ടാണ് വില കൂടിയത്. ഇന്നലെ 250 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇത്തരത്തിലാണെങ്കില്‍ തേങ്ങയ്ക്ക് ഇനിയും വില കൂടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

വടകര വിപണിയില്‍ കൊപ്ര രാജ്പ്പൂര്‍ ക്വിന്റലിന് 23,000രൂപയും ഉണ്ടയ്ക്ക് 19,500 രൂപയുമാണ്. 500 രൂപയാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ധിച്ചത്. മാത്രമല്ല കൊട്ടത്തേങ്ങയ്ക്ക് 14,000രൂപയും കൊപ്രയ്ക്ക് 13,000രൂപയുമാണ്.

മുമ്പ് 2018ലാണ് ഇത്തരത്തില്‍ നാളികേര ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചത്. 2018ല്‍ പച്ചത്തേങ്ങയ്ക്ക്‌
2700രൂപയായിരുന്നു വില. ഇപ്പോള്‍ വിപണി വില 4250രൂപയാണ്. 2018ല്‍ രാജാപ്പൂരിന് 20,500വരെയും ഉണ്ടയ്ക്ക് 18,000 രൂപയുമായിരുന്നു. മാത്രമല്ല കൊപ്രയ്ക്ക് 9200രൂപയും കൊട്ടത്തേങ്ങയ്ക്ക് 11000രൂപയുമായിരുന്നു 2018ലെ വില. എന്നാല്‍ 2023 ആയതോടെ തേങ്ങയ്ക്ക് വില കുത്തനെ ഇടിഞ്ഞിരുന്നു.

2023ല്‍ രാജാപ്പൂരിന് 8000രൂപ വരെ കുറഞ്ഞിരുന്നു. ഒപ്പം കൊട്ടത്തേങ്ങയ്ക്ക് 8000രൂപയും പച്ചത്തേങ്ങയ്ക്ക് 2250 രൂപയുമായിരുന്നു വില. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം നാളികേര വിപണി സജീവമായത്. ഓണത്തിന് മുമ്പ് വരെ വിപണിയില്‍ 33.50 വരെ തേങ്ങാവില എത്തിയിരുന്നു. എന്നാല്‍ ഓണത്തിന് മുമ്പ് തന്നെ കര്‍ഷകരില്‍ പലരും തേങ്ങ വില്‍പ്പന നടത്തിയിരുന്നു.

നവരാത്രി കാലത്ത് നാളികേര ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധനവ് സാധാരണമാണ്. അതുകൊണ്ടുതന്നെ തേങ്ങയ്ക്ക് ഇനിയും വില ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ പണ്ട് ഒരു തെങ്ങില്‍ നിന്ന് 20 മുതല്‍ 25വരെ തേങ്ങ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ എട്ടോ, പത്തോ തേങ്ങമാത്രമാണ് ലഭിക്കുന്നത്. ഉല്‍പ്പാദനക്കുറവ് വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ തിരിച്ചടിയാണെങ്കിലും തേങ്ങ വില വര്‍ധിച്ചത് ഏറെ ആശ്വാസകരമാണ്.

Description: Coconut market soared along with gold prices