സമഗ്ര നാളീകേര വികസന പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കം; ജൈവവളവും കുമ്മായവും 75% സബ്സിഡിയിൽ ഗുണഭോക്താക്കളിലേക്ക്‌


മേപ്പയൂർ: 2023-24 സാമ്പത്തിക വർഷത്തിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ കൃഷിഭവൻ ജനകീയസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസന പദ്ധതിക്ക് തുടക്കം. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ, ബഷീർ മാസ്റ്റർ എടത്തിക്കണ്ടിക്ക് പെർമിറ്റും വളവും നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫീസർ ആർ.എ അപർണ സ്വാഗത പ്രസംഗവും പദ്ധതി വിശദീകരിക്കുകയും ചെയ്തു. സർവ്വീസ് പ്രോവൈഡർമാരായ മേപ്പയൂർ കാർഷിക കർമ്മസേന, സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡീലർമാർ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പദ്ധതി പ്രകാരം ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളവും കുമ്മായവും 75% സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കും. ഇതിനായി ഗുണഭോക്തൃ ലിസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ട കർഷകർ പെർമിറ്റ് ലഭിക്കുന്നതിനായി appendix അപേക്ഷാ ഫോറം പൂരിപ്പിച്ച്, ആധാർ കോപ്പി, സ്വന്തം പേരിലുള്ള 2023-24 ലെ കരം അടച്ച രസീതിൻ്റെ കോപ്പി എന്നിവ കൃഷിഭവനിൽ സമർപ്പിക്കണം. ജൂലൈ 18നുള്ളിൽ പെർമിറ്റ് കൈപ്പറ്റി വളം വാങ്ങിക്കേണ്ടതാണ്.

ചടങ്ങിന് ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സി.എം ബാബു, ബാബു കൊളക്കണ്ടി, കമ്മന മൊയ്തീൻ മാസ്റ്റർ, കുഞ്ഞിരാമൻ കിടാവ്, പി.എം ബാലകൃഷ്ണൻ മാസ്റ്റർ, കൃഷി അസിസ്റ്റന്റ്മാരായ എസ്. സുഷേണൻ, സി.എസ് സ്നേഹ എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ.എൻ.കെ ഹരികുമാർ നന്ദി പറഞ്ഞു.