കടലാക്രമണ ഭീഷണിയിൽ വടകര മേഖലയിലെ തീരദേശ നിവാസികൾ; റോഡ് തകർന്നു, കടൽ ഭിത്തി കെട്ടണമെന്നാവശ്യം


വടകര: കടലാക്രമണ ഭീഷണിയിൽ വടകര മേഖലയിലെ തീരദേശ നിവാസികൾ. ചുങ്കം, മുകച്ചേരി ഭാഗം, ആവിക്കൽ, കുരിയാടി, പള്ളിത്താഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് കടലാക്രമണ ഭീണഷി നേരിടുന്നത്. മഴ കനത്തതോടെ ഈ പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്.

നിലവിൽ കടൽ മീറ്ററുകളോളം കരയിലേക്ക് കയറിയ സ്ഥിതിയാണ്. അമ്പത് മീറ്ററോളം കരയിലേക്ക് കയറിയ സ്ഥിതിയിലായതിനാൽ മുപ്പതോളം വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. കുരിയാടിയിൽ പാണന്റവിട ശ്യാംരാജ്, കിണറ്റിൻകര സരസു, പാണന്റവിട പവിത്രൻ, കോയാന്റെ വളപ്പിൽ ഭവാനി, പുതിയ പുരയിൽ സുരേഷ്, നായാടിന്റവിട ഗീത, പുതിയ പുരയിൽ ബാബു, പാണന്റവിട രമേശൻ, പുതിയ പുരയിൽ സത്യൻ എന്നിവരുടേതടക്കമുള്ള വീടുകളാണ് ഭീഷണി നേരിടുന്നത്.

പ്രദേശത്തെ തീരദേശ റോഡും തകർന്നിട്ടുണ്ട്. കൂടാതെ പുതുതായി സ്ഥാപിച്ച പത്തോളം ഇലക്ടിക്ക് പോസ്റ്റുകളും ഒരു ട്രാൻസ്ഫോമറും കടലെടുക്കുന്ന സ്ഥിതിയിലാണുള്ളത്. കുരിയാടിയിൽ അരപതിറ്റാണ്ട് മുമ്പ് കെട്ടിയ കടൽ ഭിത്തിയാണുള്ളത്. കൂടാതെ ഇതിന്റെ പലഭാ​ഗവും ഇപ്പോൾ മണ്ണിനടിയിലാണ്. ഇത് കാരണം തിരമാലകൾ കടൽഭിത്തി കടന്നാണ് തീരം കവരുന്നത്.

ഈ പ്രദേശത്ത് ഉടൻ കടൽ ഭിത്തി പുനർനിർമിച്ചില്ലെങ്കിൽ നിരവധി വീട്ടുകാർ വീട് വിട്ട് ഒഴിയേണ്ടിവരുമെന്ന് പ്രദേശവാസികൾ പറയുന്നു. വരയൻ വളപ്പ് മുതൽ കൈതയിൽ വളപ്പ് വരെ 500 മീറ്റർ കടൽ ഭിത്തികെട്ടുന്നതിന് 4.8 കോടി രൂപയുടെ പ്രപ്പോസൽ സർക്കാറിൽ നൽകിയിട്ട് മൂന്ന് വർഷത്തിലധികമായി ഇവിടെ അടിയന്തിരമായി കടൽ ഭിത്തി നിർമിക്കണമെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളി സംരക്ഷണ സമിതി പ്രസിഡന്റ് സതീശൻ കുരിയാടി ആവശ്യപ്പെട്ടു.