കടകളടച്ചിട്ട് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; മേപ്പയൂരില്‍ ശുചിത്വ ഹര്‍ത്താല്‍
മേപ്പയൂര്‍: പകര്‍ച്ചവ്യാധിരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മേപ്പയൂര്‍ ടൗണില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. ടൗണിലെ എല്ലാ കച്ചവടക്കാരും മൂന്ന് മണിക്കൂര്‍ നേരം കടകളടച്ച് അവരവരുടെ സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. ടൗണിലെ മോട്ടോര്‍ തൊഴിലാളികള്‍ ബസ് സ്റ്റാന്റ്, ടാക്‌സി സ്റ്റാന്റ് പരിസരം ശുചീകരിച്ചു. പഞ്ചായത്ത് അംഗങ്ങളും, ഹരി തകര്‍മ്മസേന അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് ആവിഷ്‌കരിച്ച ‘ഒരുക്കം 22 ‘ പദ്ധതിയുടെ ഭാഗമായി നേരത്തെ പഞ്ചായത്തിലെ എല്ലാ വീടുകളും, പരിസരങ്ങളും വീട്ടുകാര്‍ തന്നെ ശുചീകരിച്ചിരുന്നു. പഞ്ചായത്തിലെ 17 വാര്‍ഡുകളിലും അയല്‍സഭ അടിസ്ഥാനത്തില്‍ പൊതു സ്ഥലങ്ങള്‍ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. കംമ്പോള സംസ്‌ക്കാരത്തിന്റെ ബാക്കിപത്രമായി ഗ്രാമ-നഗര വ്യത്യാസമന്യ രൂപപ്പെടുന്ന മാലിന്യ കൂമ്പാരത്തിനും, പരിസരമലിനീകരണത്തിനുമെതിരെ ശ്രദ്ധേയമായ ജനകീയ കൂട്ടായ്മയാണ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ടത്. വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളും, വാര്‍ഡ് വികസന സമിതി കണ്‍വിനര്‍, അയല്‍സഭ ഭാരവാഹികളും നേതൃത്വം കൊടുത്തു.
ടൗണിലെ ശുചീകരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വികസനസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുനില്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി പ്രതിനിധികളായ കമ്മന ഷംസുദീന്‍, നാരായണന്‍ എസ്‌ക്വയര്‍, മോട്ടോര്‍ തൊഴിലാളി കോഡിനേഷന്‍ കമ്മറ്റിയംഗം സി.എം. സത്യന്‍, ഹരി തകര്‍മ്മസേന സെക്രട്ടറി കെ.കെ. റീജ, ജെ.എച്ച്.ഐ പ്രജീഷ്, വി.ഇ.ഒ.മാരായ രതീഷ്, വിപിന്‍ , ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എന്‍.കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. ടൗണ്‍ വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി നന്ദി പറഞ്ഞു.