വര്‍ണവിസ്മയത്തിനായി ഒരുങ്ങി കൊയിലാണ്ടി; ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം ഡിസംബര്‍ 7ന്
കൊയിലാണ്ടി: സംസ്ഥാന ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മുതല്‍ 12 വരെ കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളിൽ വെച്ച് നടക്കും. രാവിലെ 8.30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.
ജനറല്‍ ഗ്രൂപ്പില്‍ പച്ച (പ്രായം 5-8), വെള്ള (പ്രായം 9-12), നീല (പ്രായം 13-16) പ്രത്യേക ശേഷി വിഭാഗത്തില്‍ മഞ്ഞ (പ്രായം 5-10), ചുവപ്പ് (പ്രായം 11-18) എന്നീ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മത്സരം. രണ്ടു മണിക്കൂറായിരിക്കും മത്സര സമയം. ഒരു സ്‌കൂളില്‍ നിന്നും എത്ര കുട്ടികള്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം.
ചിത്രങ്ങള്‍ വരയ്ക്കുന്നതിനുള്ള പേപ്പറുകള്‍ ജില്ലാ ശിശുക്ഷേമ സമിതി നല്‍കും. വരയ്ക്കാനുള്ള സാധന സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടു വരണം. ജലഛായം, എണ്ണഛായം, പെന്‍സില്‍ തുടങ്ങിയവ ചിത്രരചനയ്ക്കായി ഉപയോഗിക്കാം. ഓരോ വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാരുടെ രചനകള്‍ സംസ്ഥാന മത്സരത്തിനായി അയച്ചു കൊടുക്കും. ഇതില്‍ നിന്നായിരിക്കും സംസ്ഥാനതല വിജയികളെ പ്രഖ്യാപിക്കുന്നത്.
ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ജില്ലാ സമിതികള്‍ സമ്മാനങ്ങള്‍ നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും കൊണ്ടുവരണം. 9495500074 നമ്പറില്‍ വിളിച്ചോ കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി എന്ന ഫേസ്ബുക്ക് പേജിലുള്ള ഗൂഗിള്‍ ലിങ്ക് വഴിയോ രജിസ്റ്റര്‍ ചെയ്യാം.
Description: Clint Memorial Children’s Drawing Competition on 7th December at Koyilandy