മേപ്പയൂർ പുറക്കാമല കരിങ്കൽ ഖനനത്തിനെതിരെ ജനരോഷമിരമ്പി; ജനകീയ സമര സമിതിയുടെ മാര്‍ച്ചില്‍ സംഘർഷം
മേപ്പയൂർ: കീഴ്‌പ്പയ്യൂർ പുറക്കാമലയിലേക്ക് ജനകീയ സമര സമിതി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മേപ്പയൂർ പോലീസ് സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫീസർ വിജിക്ക് പരിക്കേറ്റു. ഖനനം നടത്താനുള്ള നീക്കത്തിനെതിരെയും സമരപ്പന്തല്‍ തകര്‍ത്തതിനെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സംഘടിപ്പിച്ച മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സമര സമിതി നിര്‍മ്മിച്ച സമര പന്തല്‍ കഴിഞ്ഞ ദിവസം തകര്‍ന്ന നിലയിലായിരുന്നു. ക്വാറിമാഫിയ ഗുണ്ടകളാണ് സമരപ്പന്തല്‍ തകര്‍ത്തതെന്നാണ് സമരസമിതിയുടെ ആരോപണം.
ജമ്യം പാറ പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേർ പങ്കെടുത്തിരുന്നു. മലയുടെ 300 മീറ്റർ അകലെ വെച്ച് മേപ്പയൂർ പോലീസ് ഇൻസ്‌പെക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞപ്പോൾ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഓഫീസർക്ക് പരിക്കേറ്റത്.
ഉന്തും തള്ളിനുമിടെ പോലീസിന്റെ വലയത്തെ മറികടന്ന് സ്ത്രീകള്‍ അടക്കമുള്ള പ്രവർത്തകർ മലയിലേക്ക് ഓടി കയറുകയും മലക്ക് താഴെയായി നിർമ്മാണത്തിൽ ഇരിക്കുന്ന ഷെഡ് പൊളിക്കാനും ശ്രമങ്ങള്‍ നടത്തി. ഏകദേശം രണ്ടുമണിക്കൂറോളം നീണ്ട സംഘർഷാവസ്ഥക്കൊടുവിൽ പ്രവർത്തകർ പിരിഞ്ഞുപോവുകയായിരുന്നു.
പുറക്കാമലയിലെ കരിങ്കൽ ഖനന നീക്കത്തിനെതിരെ ഇതിന് മുമ്പും നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പുറക്കാമലയുടെ താഴ്‌വാരത്തിൽ താമസിക്കുന്ന നൂറിലധികം കുടുംബാംഗങ്ങളെയാണ് ഖനനം സാരമായി ബാധിക്കുക. പാടശേഖരങ്ങളായ കണ്ടംചിറ, കരുവോട് ചിറ എന്നിവയ്ക്കു തൊട്ടുമുകളിലാണ് പുറക്കാമലയിൽ പാറക്കെട്ട്. ആച്ചികുളങ്ങര കണ്ടംചിറ തോട്, കായലാട് നടേരി തോട് എന്നിവയെയും ഖനനം സാരമായി ബാധിക്കും.
Description: Clashes in the march of the people's struggle committee workers to Mepayur Purakamala