കല്ലാച്ചി – വളയം റോഡിൽ വിവാഹസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം; പരിഹരിക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ്‌ നേതാവിനെ മർദ്ദിച്ചതായി പരാതി


വടകര: കല്ലാച്ചി – വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം വിവാഹസംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ ശ്രമിച്ച മുസ്ലീം ലീഗ് നേതാവിനെ മര്‍ദിച്ചതായി പരാതി. ചെക്യാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റും മുൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഹമ്മദ് കുറുവയിലിനാണ്‌ മർദ്ദനമേറ്റത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഹമ്മദിനെ പുളിയാവ് ഭാഗത്ത് നിന്നും എത്തിയ വിവാഹപാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ചിലര്‍ കഴുത്തിന് പിടിച്ചെന്നും മര്‍ദിച്ചെന്നുമാണ് പരാതി. പിന്നാലെ അഹമദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇസിജിയിൽ വ്യതിയാനം കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.

ഇന്നലെ വൈകുന്നേരം 3മണിയോടെയാണ്‌ കല്ലാച്ചി – വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം വിവാഹസംഘങ്ങൾ തമ്മില്‍ സംഘര്‍ഷമുണ്ടായത്‌. ചെക്യാട് പുളിയാവിലെ ചാലിൽ നിധിൻലാൽ(30), ഭാര്യ ആതിര(24), മകൾ നിതാര (7 മാസം) എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വളയം ഭാഗത്ത് നിന്നും കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന വിവാഹ സംഘം ഓടിച്ച ജീപ്പ് ചെക്യാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ഉരസിയത്‌ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് എത്തിയത്. ജീപ്പിൽ ഉണ്ടായിരുന്ന സംഘം കാർ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നുവെന്നും, കാറിൻ്റെ ഗ്ലാസ് ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തിട്ടുണ്ട്‌.

Description: Clashes between wedding groups on Kallachi-Valayam road; Muslim League leader allegedly beaten up