വാഹനങ്ങള്‍ തമ്മില്‍ ഉരസി, പിന്നാലെ ചോദ്യം ചെയ്യലും കൂട്ടയടിയും; കല്ലാച്ചി – വളയം റോഡിൽ വിവാഹസംഘങ്ങള്‍ തമ്മില്‍ വാക്കേറ്റം


വടകര: കല്ലാച്ചി – വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം വിവാഹസംഘങ്ങള്‍ തമ്മില്‍ വാക്കേറ്റം. രണ്ട്‌ വിവാഹസംഘങ്ങളുടെ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായത്‌. ഇന്ന് വൈകുന്നേരം 3മണിയോടെയാണ് സംഭവം. നാല് പേർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.

വളയം ഭാഗത്ത് നിന്നും കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന വിവാഹ സംഘം ഓടിച്ച ജീപ്പ് ചെക്യാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ഉരസിയത്‌ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ജീപ്പിൽ ഉണ്ടായിരുന്ന ആറ് പേര്‍ അടങ്ങുന്ന സംഘം കാർ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നുവെന്നും, കാറിൻ്റെ ഗ്ലാസ് ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്തെന്നാണ് പരാതി. പരിക്കേറ്റവർ നാദാപുരം ഗവ ആശുപത്രിയിൽ ചികിത്സ തേടി.

സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വളയം പോലീസ് സ്ഥലത്തെത്തിയാണ് രണ്ട് വിവാഹ സംഘങ്ങളെയും സ്ഥലത്ത് നിന്നും മാറ്റിയത്.

Description: Clashes between wedding groups on Kallachi-Valayam road