”നൊച്ചാട് സ്‌കൂള്‍ സംഘര്‍ഷത്തിന് പിന്നില്‍ സി.പി.എം, സ്‌കൂളധികൃതരുടേത് നിരുത്തരവാദപരമായ സമീപനം”; പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ്
പേരാമ്പ്ര: സ്‌കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ്. സ്‌കൂള്‍ അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ് ഇന്നലെ വന്‍സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
പുറത്തു നിന്നും വന്ന സി.പി.എം ക്രിമിനലുകളാണ് പി.ടി.എ യോഗം അലങ്കോലപ്പെടുത്തിയത്. ജനാധിപത്യരീതിയില്‍ നടക്കുന്ന യോഗത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് പരാജയഭീതി മൂലമാണ്. പി.ടി.എ ജനറല്‍ബോഡിക്ക് എത്തിയ രക്ഷിതാക്കളോട് പ്രത്യേകിച്ച് സ്ത്രീകളോട് വളരെ മോശമായ രീതിയില്‍ അസഭ്യ വാക്കുകള്‍ ചൊരിയുകയും പരിഹസിക്കുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്‌തെന്നും ഇതിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘര്‍ഷം നടക്കുമ്പോള്‍ പോലീസ് സ്ഥലത്തില്ലാഞ്ഞത് അക്രമകാരികള്‍ക്ക് കൂടുതല്‍ ആവേശം നല്‍കി. സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ അക്രമകാരികള്‍ക്ക് പ്രചോദനമായത്. പോലീസ് എത്തിയപ്പോള്‍ പോലീസ് വാഹനത്തിന് നേരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഈ വിഷയത്തില്‍ പോലീസ് ക്രിയാത്മകമായി ഇടപെടണമെന്നും കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ഉടനെ തന്നെ പി.ടി.എ ജനറല്‍ബോഡി വീണ്ടും വിളിച്ച് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.നാസര്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ.മുനീര്‍, ഹാരിസ് മാസ്റ്റര്‍, അബ്ദു റസാഖ് കല്ലോത്ത്, പി.കെ.ഇബ്രാഹിം, ഹമീദ് വല്യക്കോട്, നാസര്‍.പി.കെ.കെ, റസാഖ് മാസ്റ്റര്‍, അന്‍വര്‍ ഷാ നോച്ചാട്, അഷ്റഫ്, തുടങ്ങിയവര്‍ സംസാരിച്ചു. പി.ഹാരിസ് സ്വാഗതവും ഹമീദ് നന്ദിയും പറഞ്ഞു.