കോഴിക്കോട് കാരപ്പറമ്പില്‍ ഒരു കാറിലെത്തിയ മൂന്നുപേര്‍ തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു



കോഴിക്കോട്: കാരപ്പറമ്പില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഷെറിന്‍, ഷിബുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാരപ്പറമ്പ് സ്വദേശികളാണ്. പൊലീസ് എത്തി ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു കാറിലെത്തിയ മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതില്‍ ഒരു സുഹൃത്ത് മറ്റുരണ്ടുപേരെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അക്രമിച്ച സുഹൃത്ത് കാറുമായി സ്ഥലംവിട്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പണവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിനു വഴിവെച്ചതെന്നാണ് പൊലീസ് നിഗമനം. പരിക്കേറ്റ ഇരുവരുടെയും നില ഗുരുതരമല്ല.