‘അറസ്റ്റ് ചെയ്യാതിരിക്കാന്‍ പണം വേണം’; കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് തട്ടിയെടുത്തത് 13ലക്ഷത്തിലധികം; പ്രതികള്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ശാന്തി നഗര്‍ സ്വദേശി ജിതിന്‍ ദാസ്, ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ എിവരാണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് രണ്ട് പേരും ചേര്‍ന്ന് തട്ടിയെടുത്തത്. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് തട്ടിപ്പിന്റെ തുടക്കം.
ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ചാലാട് സ്വദേശിയുടെ മൊബൈല്‍ നമ്പറും അക്കൗണ്ട് ബാലന്‍സും മനസിലാക്കിയ പ്രതികള്‍ സി.ബി.ഐ ഓഫീസര്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന്
വെര്‍ച്വല്‍ അറസ്റ്റിലാണ് നിങ്ങളെന്നും, നാട്ടിലെത്തി അറസ്റ്റ് ചെയ്യാതിരിക്കാന്‍ പണം വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
മാത്രമല്ല പണം നാഗ്പൂരിലെ എസ്.ബി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനായിരുന്നു നിര്‍ദ്ദേശം. ചാലാട് സ്വദേശിയില്‍ നിന്നും തട്ടിയെടുത്ത പണം തൃശ്ശൂര്‍ സ്വദേശി ജിതിന്‍ ദാസിന്റെ അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഈ പണം ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച ശേഷം ഇര്‍ഫാന്‍ ഇക്ബാലിന് കൈമാറുകയായിരുന്നു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം. സംഘത്തിലെ മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Description: Claiming to be a CBI officer; The group was arrested