സഹജീവി സ്‌നേഹത്തിന് മാതൃകയായി കേരള പോലീസ്; മുടപ്പിലാവ് സ്വദേശിയായ സിപിഒ അനുരൂപിന്റെ വീടെന്ന സ്വപ്‌നം പൂവണിയുന്നു; ഇന്ന് താക്കോല്‍ കൈമാറ്റം
പേരാമ്പ്ര: ജോലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ പേരാമ്പ്ര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ മണിയൂര്‍ മുടപ്പിലാവില്‍ കൂത്തപ്പള്ളി താഴെ കുനി അനുരൂപിന്റെ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ഇന്ന് കൈമാറും. അപകടത്തെ തുടര്‍ന്ന് വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വീട് നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2.30ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ താക്കോല്‍ കൈമാറും. കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ഉത്തരമേഖലാ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.സേതുരാമന്‍ ഐപിഎസ്, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി നിധിര്‍രാജ് ഐപിഎസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
2023 ജൂലൈ 15നാണ് പെട്രോളിങ്ങ് ഡ്യൂട്ടിക്കിടെ വാഹനം മറിഞ്ഞ് എസ്‌ഐക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ സ്‌പൈനല്‍ കോഡ് പൊട്ടി അനുരൂപിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മിംസിലും വെല്ലൂര്‍ സിഎംസിയിലും വിദഗ്ധ ചികിത്സ നല്‍കി.
അനുരൂപിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിയും പോലീസ് സംഘടനാ പ്രവര്‍ത്തകരും കൃത്യമായി ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിനിടെ ചികിത്സാചെലവുകള്‍ക്കായി പതിനൊന്ന് ലക്ഷത്തിലധികം രൂപ പോലീസ് വെല്‍ഫെയര്‍ ബ്യൂറോ വഹിക്കാന്‍ തീരുമാനമാവുകയും ചെയ്തിരുന്നു. തുടര്‍ചികിത്സയ്ക്കുള്ള എട്ട് ലക്ഷത്തോളം രൂപ ജില്ലയിലെ കെപിഎ, കെപിഒഎ അംഗങ്ങളില്‍ നിന്നും സമാഹരിക്കുകയും ചെയ്തിരുന്നു.
അപകടം നടക്കുമ്പോള്‍ അനുരൂപിന്റെ വീട് പണി തുടക്കത്തിലായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ വീട്ടിലേക്ക് തിരിച്ചെത്തിയ അനുരൂപിന്റെ സ്വപ്‌ന ഭവനം പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം അംഗങ്ങളില്‍ നിന്നും ആദ്യപടിയായി 100രൂപ വീതം സമാഹരിച്ചു. ഇങ്ങനെ ലഭിച്ച 20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീടു പണി പൂര്‍ത്തിയാക്കിയത്. മാത്രമല്ല അനുരൂപിന്റെ തുടര്‍ ചികിത്സയ്ക്ക് വരുന്ന ഭീമമായ തുക കണക്കിലെടുത്ത് പോലീസ് ഹൗസിങ് സഹകരണസംഘം ഭവനവായ്പ എഴുതിതള്ളുകയും ചെയ്തു.
Description: Civil Police Officer Anurup new house Key exchange today